സാം നീലാമ്പള്ളി ഒരപൂർവ വ്യക്‌തിത്വം: അനുസ്മരണം, അബ്‌ദുൾ പുന്നയൂർക്കുളം

Dec 23, 2025 - 19:50
Dec 23, 2025 - 19:53
 0  4
സാം നീലാമ്പള്ളി ഒരപൂർവ വ്യക്‌തിത്വം: അനുസ്മരണം,  അബ്‌ദുൾ പുന്നയൂർക്കുളം

ന്റെ സുഹൃത്ത് സാം നീലാമ്പള്ളിയെന്ന എബ്രഹാം സാംകുട്ടി നമ്മെ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങളായി. സാമിനെ ഞാൻ കാൽനൂറ്റാണ്ടായി അറിയും. സാം തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ എഴുത്തുകാരനായ പുന്നയൂർക്കുളം മുഹമ്മദലി അദ്ദേഹത്തിന്റെ സതീർഥ്യനായിരുന്നു.  മുഹമ്മദലിയുമായുള്ള സൗഹൃദമാണ് സാം പുന്നയൂർക്കുളത്തുകാരനായ ഞാനുമായി ബന്ധപ്പെടാൻ ഇടയാക്കിയത്. പിന്നീട് മുഹമ്മദലി ആത്മഹത്യ ചെയ്തു. മുഹമ്മദലിയുടെ വേർപാടിനെപ്പറ്റിയും അദ്ദേഹവുമായുള്ള  ആത്മബന്ധത്തെപ്പറ്റിയും സാം വാതോരാതെ സംസാരിക്കുമായിരുന്നു.

സാഹിത്യവും എഴുത്തുമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. എഴുത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സാമിനു നിഷ്ക്കർഷയുണ്ട്. ഞങ്ങൾ പരസ്പരം സ്വന്തം കൃതികൾ വായിച്ചു വിമർശിക്കും ആസ്വാദനം എഴുതും. ചിലപ്പോഴൊക്കെ ഞങ്ങളുടെ വിഷയം രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയത്തിൽ സാമിനു  വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. എങ്കിലും ഇരുവരും അവരവരുടെ വ്യക്‌തിത്വത്തെ മാനിച്ചിരുന്നു. 

ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ സാം ശാസ്താംകോട്ടയിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ നടത്തിയിരുന്നു. ആ അവസരത്തിലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. മികച്ച എഴുത്തുകാരൻ, വിമർശകൻ, ആസ്വാദകൻ, സ്വതന്ത്രചിന്തകൻ, രാഷ്ട്രീയ നിരീക്ഷകൻ, തികഞ്ഞ ഭാഷാസ്നേഹി, അധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹo ഒരു ബഹുമുഖപ്രതിഭയായിരുന്നു.

കഴിഞ്ഞ നാലു വര്ഷമായി സാം ഫ്ളോറിഡയിലായിരുന്നു താമസം.

സാം അവസാനമായി നാട്ടിൽ വന്നപ്പോൾ പുന്നയൂർക്കുളത്തെ എന്റെ വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ ഒരു മാസമായി നാട്ടിലുള്ള എന്നെ ഇടയ്ക്കിടെ വിളിച്ചിരുന്നു. മരണത്തിനു രണ്ടു ദിവസം മുമ്പു വിളിച്ചു പറഞ്ഞു: 'അലാസ്ക എന്ന നോവൽ കേരള സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കുവാൻ ഞാൻ അബ്ദുവിനെ ഏല്പിക്കുന്നു.'

ഒരുത്തമ സുഹൃത്ത് എന്ന നിലയിൽ സാമിന്റെ വേർപാട് എനിക്ക് തീരാത്ത വ്യഥയാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാളഭാഷക്ക് വലിയ നഷ്ടമാണ്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിനു നിത്യശാന്തി  നേരുന്നു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.