കൊച്ചി മെട്രോ’ ഇനി ‘കേരളം മെട്രോ’; പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് കെഎംആർഎൽ ശുപാർശ!

Aug 20, 2026 - 17:06
 0  6
കൊച്ചി മെട്രോ’ ഇനി ‘കേരളം മെട്രോ’; പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് കെഎംആർഎൽ ശുപാർശ!

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകി. പദ്ധതിക്ക് തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റയാണ് സർക്കാരിന് അപേക്ഷ സമർപ്പിച്ചത്. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികളുടെ മേൽനോട്ടം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

നിലവിൽ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ എന്നിവ വിജയകരമായി നടപ്പിലാക്കുന്നതും കമ്പനിയാണ്. തൃപ്പൂണിത്തുറ വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി പ്രവർത്തനലാഭം നേടിയ കെഎംആർഎൽ, ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം അതിവേഗം പൂർത്തിയാക്കിവരുന്നു. നഗര കേന്ദ്രീകൃതമായ നിലവിലെ പേര് വിപുലമായ പുതിയ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് സംസ്ഥാനതലത്തിലുള്ള പുതിയ പേര് സ്വീകരിക്കുന്നത്. നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലഖ്‌നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും മാറിയ ദേശീയ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഡയറക്ടർ ബോർഡ്, കേന്ദ്ര സർക്കാർ എന്നിവയുടെ അന്തിമ അംഗീകാരങ്ങൾ നേടും. കമ്പനിയുടെ സ്വത്തുക്കൾ, ബാധ്യതകൾ, നിയമപരമായ നിലനിൽപ്പ് എന്നിവയെ പേരുമാറ്റം ബാധിക്കില്ലെന്നും ബ്രാൻഡിങ് മാറ്റങ്ങൾ കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നിർവഹിക്കുമെന്നും എംഡി വ്യക്തമാക്കി