രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തസ്‌ലിമ നസ്രീൻ കൊല്‍ക്കത്തയിൽ തിരിച്ചെത്തി

Jul 31, 2026 - 19:51
 0  4
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തസ്‌ലിമ നസ്രീൻ കൊല്‍ക്കത്തയിൽ തിരിച്ചെത്തി

കൊൽക്കത്ത: വിവാദമായ 'ദ്വിഖണ്ഡിതോ' എന്ന പുസ്‌തകത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് നഗരം വിടാൻ നിർബന്ധിതയായ ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീൻ വെള്ളിയാഴ്‌ച ന്യൂഡൽഹിയിൽ നിന്ന് കൊല്‍ക്കത്തയിൽ തിരിച്ചെത്തി. നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ കാത്തുനിന്നവരെ കൂപ്പുകൈകളോടെ തസ്‌ലിമ നസ്രീൻ അഭിവാദ്യം ചെയ്‌തു. 'തിരിച്ചുവന്നതിൽ വളരെ സന്തോഷമുണ്ടെന്ന്' അവർ പറഞ്ഞു. ഓഗസ്റ്റ് 1 ന് നടക്കുന്ന ഒരു പൊതുപരിപാടിക്ക് മുന്നോടിയായാണ് തിരിച്ചു വരവ്. 2007 ന് ശേഷം നഗരത്തിലെ അവരുടെ ആദ്യ പൊതു സന്ദർശനമാണിത്.

സെക്കുലര്‍ മിഷനും ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്‌സ് ഫൗണ്ടേഷനുമാണ് തസ്‌ലിമ നസ്രീനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിയിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും ക്ഷണിച്ചിട്ടുണ്ട്. തസ്‌ലിമ നസ്രീനൊപ്പം ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും പ്രശസ്‌ത എഴുത്തുകാരൻ ശിർഷേന്ദു മുഖോപാധ്യായയും വേദി പങ്കിടുമെന്നാണ് സൂചന.

തൻ്റെ സന്ദർശനത്തിന് സൗകര്യമൊരുക്കിയതിനും സുരക്ഷ ഒരുക്കിയതിനും സംഘാടകർക്കും ഇപ്പോഴത്തെ പശ്ചിമ ബംഗാൾ സർക്കാരിനും നസ്രീൻ നന്ദി പറഞ്ഞു. 'സന്ദർശനത്തിന് മുന്നോടിയായി, കൊൽക്കത്തയിലേക്ക് മടങ്ങുന്നത് എൻ്റെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയതുപോലെ അനുഭവപ്പെടുന്നു. ഏകദേശം 19 വർഷത്തെ പ്രവാസജീവിതത്തിനിടയിലാണ് ഈ മടങ്ങി വരവ്,' അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഞാൻ ഒരിക്കലും സ്വമേധയാ കൊൽക്കത്ത വിട്ടുപോയില്ല, അന്നത്തെ പശ്ചിമ ബംഗാൾ സർക്കാർ എന്നെ സംസ്ഥാനം വിടാൻ നിർബന്ധിച്ചു. എന്നാൽ ഇങ്ങനെയൊരു മടങ്ങി വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെ തിരിച്ചുവരവ് വ്യക്തിപരമായ ഒരു തിരിച്ചുവരവല്ലെന്നും മൗലികവാദികൾ ഒരിക്കൽ നിശബ്‌ദമാക്കാൻ ശ്രമിച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചതുമായ ഒരു തിരിച്ചുവരവിനെ ഈ യാത്ര പ്രതീകപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.