പാതിരാക്കുന്ന്:  രചന: പ്രശാന്ത് പഴയിടം 

Oct 30, 2025 - 14:08
Oct 30, 2025 - 14:23
 0  7
പാതിരാക്കുന്ന്:  രചന: പ്രശാന്ത് പഴയിടം 
 
പൊതുവെ മദ്യപിച്ചാൽ കഥാകൃത്തിന് തനിച്ചുള്ള നടത്തമാണ് ഏറെ ഇഷ്ടം — പാടത്തും പറമ്പിലുമായുള്ള ഏകാന്തസഞ്ചാരം.
ഒരു ദിവസം നടന്നു നടന്ന് പാതിരാക്കുന്നിന്റെ അടുത്തെത്തി. 
 
ഒരുപാട് ഐതിഹ്യങ്ങളും കേട്ടുകഥകളും നിറഞ്ഞ സ്ഥലമാണ് പാതിരാക്കുന്ന്. അതിൽ ഏറെ പ്രധാനമാണ് കുന്നിൻ മുകളിലെ വടവൃക്ഷവും അവിടത്തെ വടയക്ഷിയും.
 
അങ്ങനെ കഥാകൃത്ത് കുന്നിൻ മുകളിലേക്ക് നടന്നു — തോളിലൊരു സഞ്ചിയും നീണ്ട ജുബ്ബയുമായിരുന്നു വേഷം.
തണുത്ത കാറ്റും നിലാവിന്റെ നനവും ചേർന്ന് പാതിരാകുന്ന് വെള്ളപ്പട്ടുപോലെ തിളങ്ങുന്നു. പകലുപോലും ഇതുവഴി വരാൻ ആളുകൾക്ക് പേടിയാണ്.
 
അങ്ങനെ നടന്ന് മലമുകളിൽ എത്തി. രാത്രിയുടെ നീലിമയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വടവൃക്ഷം —
കഥാകൃത്ത് വൃക്ഷത്തിന് മുകളിലേക്ക് നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു:
“ഹേ വൃക്ഷമേ, നിന്റെ മാറിടത്തിൽ തലചായ്ച്ച് ഉറങ്ങാൻ ആരാണ് കൊതിക്കാത്തത്? പിന്നല്ലേ വടയക്ഷി!”
 
ശേഷം ബാഗിൽ നിന്ന് മദ്യക്കുപ്പി എടുത്ത് മദ്യപിക്കാൻ തുടങ്ങി.
പിന്നെ ഉറക്കെ വിളിച്ചു —
“ഹേ ഉഗ്രസ്വരൂപിണി വടയക്ഷീ, നീ താഴേക്ക് വരു! എനിക്ക് നിന്നോട് കുറച്ച് പറയാനുണ്ട്.”
 
വൃക്ഷത്തിന്റെ മൂകളിലേക്ക് നോക്കി കിടന്നപ്പോൾ നിലാവെളിച്ചത്തിൽ കണ്ടു — വടവൃക്ഷത്തിന്റെ തുഞ്ചത്ത് ഒരു പക്ഷിക്കൂട്.
 
എറെ നേരം അതിലേക്ക് നോക്കി മൗനമായി നിന്ന കഥാകൃത്ത് മരത്തിൽ കയറുവാൻ തുടങ്ങി.
കയറി, കയറി, ഒടുവിൽ ഏറെ പണിപ്പെട്ട് മരത്തിന്റെ മുകളിൽ ഒരു വലിയ ശിഖരത്തിൽ കയറിയിരുന്നു.
 
അപ്പോഴാണ് അതേ ശിഖരത്തിൽ സാക്ഷാൽ വടയക്ഷി പ്രത്യക്ഷമായത് —
വെള്ള സാരിയണിഞ്ഞ്, പനംങ്കുല പോലെ നീണ്ട മുടിയുമായി, ഭയത്തിന്റെ അതിരുകൾ കടക്കുന്ന സുന്ദരിയായ വടയക്ഷി!
 
 
കഥാകൃത്ത്: കൊള്ളാം! കേട്ടതിലും ഒരുപാട് സുന്ദരിയാണ് നീ. എന്താ ഈ മൗനം?
 
യക്ഷി: “ഹേയ് വിഡ്ഢി ! നീ എന്തിനാണ് ഇവിടെ വന്നത്? മരണത്തെ തേടി തന്നെയല്ലേ? ഞാൻ നിന്റെ രക്തം കുടിക്കും!” — അവൾ അട്ടഹസിച്ചു.
 
കഥാകൃത്ത് : ശാന്തയാകു. അപ്പോൾ ഇത് എന്റെ ജീവിതത്തിലെ അവസാന നിമിഷം ആണെങ്കിൽ പോലും, നമുക്ക് കുറച്ചു നേരം സംസാരിക്കാം.
 
യക്ഷി: “വിഡ്ഢി ! നീ പെട്ടിരിക്കുന്നത് യക്ഷിയുടെ മുൻപിലാണ്. മദ്യലഹരിയിൽ നീ അതും മറന്നോ? നിന്റെ രക്തം കുടിച്ചാണ് എന്റെ ദാഹം തീർക്കേണ്ടത്! ഞാൻ ഉടൻ നിന്നെ കൊല്ലും!” — അവൾ വീണ്ടും അട്ടഹസിച്ചു.
 
കഥാകൃത്ത്: അപ്പോൾ നീ നിന്റെ മുൻപിൽ പെടുന്ന ആരുടെയും രക്തം കുടിക്കുമോ?
 
യക്ഷി: കുടിക്കും!
 
കഥാകൃത്ത്: എങ്കിൽ മരത്തിന് മുകളിലെ “പക്ഷിയുടെ” രക്തം ആദ്യം കുടിക്കൂ.
 
യക്ഷി: “മൂഡാ! നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്? ഒരു പക്ഷിയുടെ രക്തം കുടിക്കാനോ? എനിക്ക് നിന്നെ മതി!”
 
കഥാകൃത്ത്: അതിന് മുമ്പ് ഒരു ഉത്തരം തരൂ — എന്തുകൊണ്ടാണ് നീ ആ പക്ഷിയുടെ രക്തം കുടിക്കാത്തത്?
 
യക്ഷി: “നീ എന്ത് മൂഢത്വമാണ് പറയുന്നത്!”
 
കഥാകൃത്ത്: ഉത്തരം തരൂ — എന്തുകൊണ്ട് നീ ആ പക്ഷിയുടെ രക്തം കുടിക്കുന്നില്ല?
 
യക്ഷി: “വിഡ്ഢി ! ഞങ്ങളുടെ പൂർവികർ മുതൽ മനുഷ്യരുടെ രക്തമാണ് കുടിക്കുന്നത്.”
 
കഥാകൃത്ത്: ഹാ! നിന്റെ പൂർവികരോ? അതിന് നീ മറ്റൊരു യക്ഷിയെ കണ്ടിട്ടുണ്ടോ?
നീ മനുഷ്യന്റെ പ്രേതമാണെങ്കിൽ നിന്റെ പൂർവികർ മനുഷ്യരല്ലേ?
 
യക്ഷി കോപിഷ്ടയായി നിൽക്കുന്നു.
 
യക്ഷി: “നിർത്തു, നിന്റെ വിഡ്ഢിത്തം! ഞാൻ നിന്നെ കൊല്ലുവാൻ പോകുന്നു!”
 
കഥാകൃത്ത്: ഹേയ് മൂഢയായ വടയക്ഷി! എന്റെ ചെറിയൊരു ചോദ്യത്തിനുപോലും ഉത്തരം നൽകാനാവാത്തവളാണോ പേരുകേട്ട വടയക്ഷി?
എങ്കിൽ നീ അറിയൂ — നിന്റെ ഭക്ഷണവും, നിന്റെ വസ്ത്രവും, രൂപവും നിനക്കുപോലും അറിയില്ല.
കാരണം നീ കേവലം ഒരു പഴങ്കഥയിലെ കഥാപാത്രം മാത്രമാണ്!
 
അത് കേട്ട് യക്ഷി മൗനം പാലിച്ചു.
ഒരു നിമിഷം നിലാവും കാറ്റും പോലും നിശ്ചലമായി.
പിന്നെ അവൾ അപ്രത്യക്ഷയായി.
 
ഏറെ നേരം വിശ്രമിച്ച ശേഷം,
മറ്റൊരു കഥാശകലവുമായി എഴുത്തുകാരൻ താഴേക്ക് ഇറങ്ങി.