അയിത്തത്തിന്റെ പ്രേതങ്ങൾ

അയിത്തത്തിന്റെ പ്രേതങ്ങൾ

എം തങ്കച്ചൻ ജോസഫ്

കേരളത്തിന്റെ മണ്ണിൽ പണ്ട് കുഴിച്ചുമൂടിക്കളഞ്ഞതൊക്കെ ഒരു കൂട്ടർ ഇന്ന് മാന്തിയെടുക്കുകയും മണത്തു നോക്കുകയും പിന്നെയത് മടിയിലിട്ടും മനസ്സിലിട്ടും താലോലിക്കുകയാണ്. മറ്റൊന്നുമല്ലത്. നമ്മുടെ നവോത്ഥാന നായകരും പൊതുസമൂഹവും വളരെ മുമ്പേ തള്ളിക്കളഞ്ഞ ജാതീയതകളും അതിനോട് ബന്ധപ്പെട്ട ദുരാചാരങ്ങളുമാണ്.

നമ്മുടെ ബഹുമാന മന്ത്രി ഇ രാധാകൃഷ്ണന് ഉണ്ടായ ഒരു ദുരനുഭവമാണ് ഇത്തരം ആചാരങ്ങളും മറ്റും ഇപ്പോഴും ഈ നാട്ടിലുണ്ടെന്നുള്ളത് വെളിവാക്കുന്നത്. അദ്ദേഹത്തിന് നേരിട്ട ഈ ദുരനുഭവം അദ്ദേഹം തന്നെ കഴിഞ്ഞ എട്ടുമാസത്തോളം  മറച്ചു വെച്ചപ്പോൾ അതിൽനിന്നു തന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ ആ കാലയളവിൽ അദ്ദേഹം അനുഭവിച്ച മനോവിഷമം എത്രത്തോളമെന്ന്.

ഒരു ഉത്ഘാടനത്തോടനുബന്ധിച്ച ചടങ്ങിലാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഇത് സംഭവിച്ചത്.

സംഭവം തെറ്റായിപ്പോയെന്നും അത് സംഘാടകർക്ക് വന്നുപോയ ഒരു പിഴവാണെന്നും അതിനോട് ബന്ധപ്പെട്ടവർ ഇപ്പോൾ വെളിപ്പെടുത്തുന്നുവെങ്കിലും സോഷ്യൽമീഡിയകളിലും മറ്റും ഈ തെറ്റിനെ ന്യായീകരിച്ച്  വെളുപ്പാക്കിയെടുക്കുവാൻ തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും ആചാരക്കെട്ടുകൾ കുടഞ്ഞിടുന്നവർ നിരവധിയാണ്.അത് കാണുമ്പോൾ ചിരിയാണ് വരുന്നത്.  അയിത്തമെന്ന പ്രേതങ്ങളെ തലയിലേറ്റി നടക്കുന്നവർ ഇന്നും നിരവധിയാണ് നമുക്കിടയിൽ എന്നാണ് ഇതൊക്കെ വെളിപ്പെടുത്തി തരുന്നത്.

അയിത്തത്തിന്റെ കാപട്യങ്ങൾ നമ്മൾ നിരവധി കണ്ടു ഴിഞ്ഞിട്ടുള്ളതാണ്. മനുഷ്യനോട് മാത്രമാണ് പലർക്കും അയിത്തമുള്ളത്, പണത്തോടും പെണ്ണിനോടും അയിത്തമില്ലാത്ത ആചാരവാദികളെയാണ് നമുക്ക് കാണുവാൻ കഴിയുക.   ഇത്തരം സംഭവങ്ങൾ നമ്മുടെ നാടിനെയും എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളനാടിന് തന്നെ അപമാനമാണ് ഇതൊക്കെ. കൂടാതെ അയിത്തവും തീണ്ടലുമൊക്കെ മനുഷ്യമനസ്സിനെയും സമൂഹത്തെയും എത്രമാത്രം ദുഷിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയ നമ്മുടെ നവോത്ഥാന നായകർ മുൻകൈയെടൂത്ത് ദൂരെ കളഞ്ഞതാണ് ഇത്തരം ദുരാചാരങ്ങൾ. എന്നാൽ അവരുടെ മുഖത്തേക്കുന്ന അടികളാണ് ഇത്തരം സംഭവങ്ങളുടെ ആവർത്തനങ്ങൾ.

ഏത് മതാചാരങ്ങൾ ആയിരുന്നാലും അവ മനുഷ്യമനസ്സിനെ ദുഷിപ്പിച്ചു ഇരുട്ടിലേക്കാണ് നയിക്കുന്നതെങ്കിൽ  തീർച്ചയായും അവകൾക്ക് അതാത് മതങ്ങളിൽ നിന്നു തന്നെ മാറ്റങ്ങളുണ്ടാകണം, കാരണം ആചാരങ്ങൾ എല്ലാം മനുഷ്യനന്മയ്ക്ക് ഉതകുന്നതായിരിക്കണം. ആധൂനിക പരിഷ്‌കൃത സമൂഹത്തിന് യോചിക്കുവാനാകാത്തവയെ  നീക്കം ചെയ്യുന്നതിനും തിരുത്തുന്നതിനും  മതങ്ങളും മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകുന്നില്ലായെങ്കിൽ കാലാനുസ്രതമായി അത് പൊതു സമൂഹം ഏറ്റെടുക്കുമെന്ന കാര്യം മറക്കുവാൻ പാടില്ലാത്തതാകുന്നു.