കരിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന വിമാനം മുന്നറിയിപ്പ് കൂടാതെ റദ്ദാക്കി. വിമാനം റദ്ദാക്കിയതറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ദുരിതത്തിലായി. രാവിലെ പത്തരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് മുന്നറിയിപ്പൊന്നും കൂടാതെ റദ്ദാക്കിയത്. പകരം രാത്രി ഒമ്പതിന് മറ്റൊരു വിമാനം ക്രമീകരിച്ചെങ്കിലും അതും റദ്ദാക്കപ്പെട്ടു. വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നത്. ഇതേ തുടർന്ന് റിഫ്രെഷ്‌മെൻ്റ് സൗകര്യം ഒരുക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.
സാങ്കേതിക പ്രശ്‌നങ്ങൾ അറിയിച്ചെങ്കിലും മതിയായ പരിഹാരം കണ്ടെത്താനുള്ള സൗകര്യമൊരുക്കാനോ ഏവിയേഷൻ അധികൃതർ തയ്യാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി.’വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് വിമാനം റദ്ദാക്കിയെന്ന് പറയുന്നത്. ദീർഘനേരം കാത്തിരുന്നെങ്കിലും ഭക്ഷണമോ കുടിവെള്ളമോ എത്തിച്ചുതരാൻ അധികൃതർ കൂട്ടാക്കിയില്ല.’ദുരിതാനുഭവം യാത്രക്കാരി പങ്കുവെച്ചു.
അപ്രതീക്ഷിതമായി റദ്ദാക്കിയതിനാൽ മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള കണക്ഷൻ വിമാനങ്ങളും നഷ്ടപ്പെട്ടതിൻ്റെ നിരാശയിലാണ് പല യാത്രക്കാരും. യാത്രക്കാർക്ക് നേരിട്ട നഷ്ടത്തിൽ ഖേദം എയർപോർട്ട് അറിയിച്ചു.