ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമെന്ന് ട്രംപ്

ഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായ ദുരന്തമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ തീരുവ ഭീഷണിക്കിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കു ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമാണ് അമേരിക്കയ്ക്കുള്ളതെന്നും, എന്നാൽ അമേരിക്കയുമായി ഇന്ത്യ വൻതോതിൽ വ്യാപാരം നടത്തുന്നുണ്ടെന്നെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. "വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത് മനസ്സിലാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ഞങ്ങൾക്ക് വൻതോതിൽ സാധനങ്ങൾ വിൽക്കുന്നു. അവരുടെ ഏറ്റവും വലിയ 'ക്ലയന്റ്' അമേരിക്കയാണ്. എന്നാൽ, ഞങ്ങൾ വളരെ കുറച്ച് സാധനങ്ങളേ ഇന്ത്യയ്ക്ക് വിൽക്കുന്നുള്ളൂ. ഇതുവരെ പൂർണ്ണമായും ഏകപക്ഷീയമായ ഒരു ബന്ധമാണിത്. അത് പതിറ്റാണ്ടുകളായി തുടരുന്നു."
"നമ്മുടെ സാധനങ്ങൾ വിൽക്കാൻ കഴിയാത്ത രീതിയിൽ മറ്റേതൊരു രാജ്യത്തെക്കാളും ഉയർന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്. അത് തികച്ചും ഏകപക്ഷീയമായ ദുരന്തമായിരുന്നു. കൂടാതെ, ഇന്ത്യ എണ്ണയും സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. യുഎസിൽ നിന്ന് വാങ്ങുന്നത് വളരെ കുറച്ച് മാത്രമാണ്. അവർ ഇപ്പോൾ തീരുവ പൂർണമായും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ അത് വൈകിപ്പോയി. വർഷങ്ങൾക്ക് മുമ്പേ അവർ അങ്ങനെ ചെയ്യണമായിരുന്നു," ട്രംപ് പറഞ്ഞു.