20 ശതമാനം എഥനോൾ കലർന്ന പെട്രോൾ; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യവ്യാപകമായി 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തങ്ങളുടെ വാഹനങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്‌തിട്ടില്ലാത്ത ഇന്ധനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി എന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
എല്ലാ ഇന്ധന സ്റ്റേഷനുകളിലും എഥനോൾ രഹിത പെട്രോൾ ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകൻ അക്ഷയ് മൽഹോത്ര സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ച വാദങ്ങളോട് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപ്പെടുന്ന ബെഞ്ച് യോജിച്ചില്ല.
കേന്ദ്രം ഈ ഹർജിയെ എതിർക്കുകയും E20 ഇന്ധനം കരിമ്പ് കർഷകർക്ക് ഗുണം ചെയ്യുമെന്ന് അവകാശപ്പെടുകയും ചെയ്‌തു. എല്ലാ പെട്രോൾ പമ്പുകളിലും ഡിസ്പെൻസിങ് യൂണിറ്റുകളിലും എഥനോൾ നിര്‍ബന്ധമായും ഉപഭോക്താക്കൾക്ക് വ്യക്തമായി ദൃശ്യമാകുന്ന തരത്തിൽ ലേബല്‍ ചെയ്യണമെന്ന് അധികാരികളോട് നിർദേശിച്ചു. കൂടാതെ ഇന്ധനം വിതരണം ചെയ്യുമ്പോൾ അവരുടെ വാഹനങ്ങളുടെ എഥനോൾ അനുയോജ്യതയെക്കുറിച്ച് കൃത്യമായി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു