ആർജി കർ ബലാത്സംഗ കേസ് പ്രതിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Oct 21, 2025 - 20:00
 0  6
ആർജി കർ ബലാത്സംഗ കേസ് പ്രതിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാത കേസിൽ കുറ്റക്കാരനായ സഞ്ജയ് റോയിയുടെ അനന്തരവൾ (6 വയസ്) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വിദ്യാസാഗർ കോളനിയിലെ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അലമാരയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കുട്ടിയെ ഞായറാഴ്ച കണ്ടെത്തിയത്. ഉടൻ തന്നെ എസ്എസ്‌കെഎം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച കുട്ടി മരിച്ചു. ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ കൊല്ലപ്പെടുത്താൻ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അലിപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള വിദ്യാസാഗർ കോളനിയിലെ വീട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 'സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ. അലിപൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്' - കൊൽക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. മരിച്ച കുട്ടിയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. അതിനുശേഷം, പെൺകുട്ടിയുടെ അച്ഛൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു.
 
പെൺകുട്ടിയുടെ രണ്ടാനമ്മ പടക്കം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ പലതവണ വിളിച്ചിട്ടും കുട്ടിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ തകർത്ത് വീട്ടിൽ കയറി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ ഇടയ്ക്കിടെ അസ്വസ്ഥതയും ബഹളവും ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം, ഇത് ആത്മഹത്യ ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിരുന്നാലും, സംഭവത്തിന് പിന്നിലെ കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അവൾ പലപ്പോഴും വീട്ടിൽ ശകാരത്തിന് ഇടയാകാറുണ്ടായിരുന്നു എന്ന് മരിച്ച കുട്ടിയുടെ മുത്തശി പരാതിപ്പെട്ടു. ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ആത്മഹത്യ ചെയ്യാനാകില്ല. മരണത്തിലെ ദുരൂഹത വെളിപ്പെടുത്താൻ കുടുംബാംഗങ്ങളെയും അയൽക്കാരെയും സഹപാഠികളെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.