സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തലസ്ഥാന നഗരിയില്‍ തുടക്കമായി

Oct 21, 2025 - 20:09
Oct 21, 2025 - 20:16
 0  9
സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തലസ്ഥാന നഗരിയില്‍  തുടക്കമായി

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സ് മാതൃകയിലുള്ള കായിക മേളയുടെ ദീപശിഖ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനും ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് എച്ച് എം കരുണ പ്രിയയും സംയുക്തമായി തെളിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ ജൂനിയര്‍ ടീം അംഗം അഥീന മറിയം സ്‌കൂള്‍ ഒളിമ്പിക്സ് പ്രതിജ്ഞ വായിച്ചു. അഭിമാനകരമായ ചടങ്ങാണിതെന്നും ഒളിമ്പിക്സ് മാതൃകയില്‍ കായിക മേള നടത്തുന്ന സംസ്ഥാനം വേറെ ഉണ്ടാകില്ലെന്നും ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത് കേവലം ഒരു മത്സരമല്ലെന്നും സാംസ്‌കാരിക സംഗമമാണെന്നും മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 

എല്ലാ കുട്ടികള്‍ക്കും തുല്യഅവസരം എന്നതാണ് ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ ഒളിമ്പ്യന്മാരെ വാര്‍ത്തെടുക്കാനുള്ള കളരിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഒളിമ്പിക്സിന്റെ അംബാസഡറായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ഗുഡ്്വില്‍ അംബാസഡറായ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് എന്നിവരുടെ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വൈകിട്ട് നാല് മുതല്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍, എസ് പി സി, എന്‍ സി സി കേഡറ്റുകള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, മേളയില്‍ പങ്കെടുക്കുന്ന ഇന്‍ക്ലൂസ്സീവ് സ്പോര്‍ട്സ് താരങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ ജില്ലകളുടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി