മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: അന്തരിച്ച എൻ.സി.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ശനിയാഴ്ച മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതി 62-കാരിയായ സുനേത്ര പവാറിന് സ്വന്തമായി.
അജിത് പവാറിന്റെ ആകസ്മിക വിയോഗത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് എൻ.സി.പി സുനേത്രയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേർന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗം സുനേത്രയെ ഏകകണ്ഠമായി തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ രാഷ്ട്രീയ പൈതൃകം നിലനിർത്തുന്നതിനാണ് പാർട്ടി സുനേത്രയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. നിലവിൽ രാജ്യസഭാ എം.പി കൂടിയാണ് ഇവർ.