ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്
ഫ്ലോറിഡ: റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൊണാൾഡ് ട്രംപും യുക്രൈയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന പുരോഗതിയെന്ന് റിപ്പോർട്ട്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് നടന്ന ചർച്ചയിൽ സമാധാന കരാറിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ധാരണയായതായി ഇരു നേതാക്കളും വ്യക്തമാക്കി.
എങ്കിലും ഡോൺബാസ് മേഖലയുടെ പദവി ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ചില പ്രധാന കാര്യങ്ങളിൽ ഇനിയും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അന്തിമ കരാറിന് സമയപരിധി നൽകിയിട്ടില്ലെന്നും ഇരു നേതാക്കളും പറഞ്ഞു. യുക്രെയ്‌ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്‌ൻ ടീമുകൾ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സെലെൻസ്‌കി പറഞ്ഞു.
യുക്രൈയ്‌നിന്റെ സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ നൂറു ശതമാനം ധാരണയിലെത്തിയെന്ന് സെലൻസ്‌കി അറിയിച്ചു. സുസ്ഥിരമായ സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 95 ശതമാനം ജോലികളും പൂർത്തിയായതായി ട്രംപും സ്ഥിരീകരിച്ചു.