എൻ്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്- എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ; ഭാഷ മെച്ചപ്പെടുത്തുമെന്ന് എഎ റഹീം

Dec 29, 2025 - 11:34
 0  3
എൻ്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്- എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ; ഭാഷ മെച്ചപ്പെടുത്തുമെന്ന് എഎ റഹീം

തിരുവനന്തപുരം: ബെംഗളൂരു യെലഹങ്കയിൽ കർണാടക സർക്കാർ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയതോടെ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ഒരു മാധ്യമവുമായി സംസാരിക്കുന്നതിനിടെ സംഭവിച്ച ഭാഷാ പരിമിതിയിൽ വിശദീകരണവുമായി രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്റുമായ എഎ റഹീം .

എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേർ കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്ന് റഹീം പറഞ്ഞു. എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്, എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് റഹീം പ്രതികരണം നടത്തിയത്.

ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ. അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് റഹീം പറഞ്ഞു.

പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുതെന്ന് റഹീം പറഞ്ഞു.