കച്ചവടവസ്തുക്കൾ ഉപഭോക്താവിന് മുന്നിൽ പ്രദർശിപ്പിക്കുന്ന കച്ചവടക്കാരന്റെ മനോഭാവം; ട്രംപിന് സമ്മാനം നൽകിയ മുനീറിന് പാക് പാർലമെന്റിൽ വിമർശനം

Oct 2, 2025 - 18:10
 0  8
കച്ചവടവസ്തുക്കൾ ഉപഭോക്താവിന് മുന്നിൽ പ്രദർശിപ്പിക്കുന്ന കച്ചവടക്കാരന്റെ മനോഭാവം; ട്രംപിന് സമ്മാനം നൽകിയ മുനീറിന്  പാക് പാർലമെന്റിൽ വിമർശനം

ഇസ്​ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അപൂർവ ഭൗമ ധാതുക്കൾ (Rare Earth Minerals) സമ്മാനമായി നൽകിയ പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ രാജ്യത്ത് വ്യാപക വിമർശനം. ഈ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സെനറ്റർ ഐമൽ വലി ഖാൻ പാർലമെന്റിൽ രംഗത്തെത്തി.

സൈനിക മേധാവിയുടെ പ്രവൃത്തിയെ, “വിലയേറിയ കച്ചവടവസ്തുക്കൾ ഉപഭോക്താവിന് മുന്നിൽ പ്രദർശിപ്പിക്കുന്ന കച്ചവടക്കാരന്റെ മനോഭാവം” എന്നാണ് വലി ഖാൻ വിശേഷിപ്പിച്ചത്. “നമ്മുടെ സൈനിക മേധാവി ഒരു പെട്ടിയിൽ അപൂർവ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂർവ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? കടയിലെ വിലയേറിയ വസ്തുക്കൾ ഉപഭോക്താവിനെ കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്ന കടക്കാരനെ പോലെയാണത്,” പാർലമെന്റിൽ സംസാരിക്കവേ വലി ഖാൻ കുറ്റപ്പെടുത്തി.

വിദേശകാര്യങ്ങളിൽ സൈനിക മേധാവി ഇടപെടുന്നതിലെ നിയമസാധുതയും അധികാരവും വലി ഖാൻ ചോദ്യം ചെയ്തു. പാകിസ്താനിലെ നയതന്ത്രകാര്യങ്ങളിൽ സൈന്യം കൂടുതലായി ഇടപെടുന്നതിൽ ജനപ്രതിനിധികൾക്കിടയിൽ അമർഷം പുകയുന്നതിനിടയിലാണ് ഈ കടുത്ത വിമർശനം.

“ഏതു നിയമപ്രകാരം ഏത് അധികാരമുപയോഗിച്ചാണ് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ സൈനിക മേധാവി ഇടപെടുന്നത്? ഇത് സ്വേച്ഛാധിപത്യമാണ്. ഇത് ജനാധിപത്യമല്ലെന്ന് പറയേണ്ടിവരുന്നതിൽ എനിക്ക് വിഷമമുണ്ട്. ഇത് പാർലമെന്റിനെ അവഹേളിക്കലല്ലേ?” വലി ഖാൻ ചോദിച്ചു.

ട്രംപിന് ജനറൽ അസിം മുനീർ അപൂർവ ഭൗമധാതുക്കൾ സമ്മാനമായി നൽകുന്ന ചിത്രം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. ഈ കൂടിക്കാഴ്ചയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഒപ്പമുണ്ടായിരുന്നു.