യൂദാസിലെ സന്ദേഹി: കവിത, ജോൺ വറുഗീസ്

യൂദാസിലെ സന്ദേഹി:  കവിത, ജോൺ വറുഗീസ്


https://youtu.be/XZuga6i2-tQ

തെളിനീരിടം പോലെ
എൻ മനോമുകുരത്തിൽ
തെളിയുന്നിതാ നിൻ
സ്വച്ഛമാം ഉറവക്കണ്ണുകൾ.

അജഗണ പാലകാ
അവരിന്നും
യെരുശലേമിനെ
നീ ജയിക്കുമെന്നൊരു
സ്വർഗ്ഗ ദിവാസ്വപ്നത്തി-
ലുറങ്ങുന്നു
ഒറ്റത്താരകം വാനിലുദിക്കുന്ന
നീല നിലാവെട്ടം
കാത്തിരിക്കുന്നു
ചൂണ്ടു വിരലൊടിഞ്ഞ
ശിലാഫലകങ്ങളിൽ തട്ടി
കൂരിരുൾ താഴ്‌വരയിൽ
ഇടയനെ തിരയുന്നു.

ആത്മനാഥാ...
നമ്മളൊന്നായ് ഓടി-
ത്തികച്ച കാട്ടുപാതകൾ
മാമലമേടുകൾ
തങ്ങളിൽ ആഴമളക്കാതെ
ഒരേ തീരത്തുണ്ടു-
റങ്ങിയോർ
ഒരിലത്തുണ്ടിൽ നിന്നും
അപ്പവും മീനും
പങ്കിട്ടെടുത്തവർ
ഒരേ കടലായവർ
ഒരൊറ്റ മനസ്സുമായി
പൊള്ളും വഴികളിൽ
കുമ്പിട്ടിറങ്ങിയോർ..
എങ്കിലും
കാറ്റും കോളുമിരുണ്ടു
വന്നപ്പോൾ
ഞാൻ തോണിയിറക്കാൻ മടിച്ചതു കണ്ടപ്പോൾ
"ഇനി തോണിയും, തുഴയും, കടലും
നാമാണ്, നമ്മിലാ"-
ണെന്നു പറഞ്ഞെൻ
തഴമ്പിച്ച കൈകൾ
മൂർദ്ധാവിൽ വച്ചനുഗ്രഹിച്ചു.
നമ്മൾ നോക്കി നിൽക്കേ
ക്ഷോഭിത നീല ജലാശയമന്നൊരു
ശാന്ത സമുദ്രമായ്
മാറിയില്ലേ!

പിന്നെ നീ
ചിന്തേരിട്ടു മിനുക്കിയ
ചിന്തകളും, അളവുകൾ
മാഞ്ഞുപോയ മുഴക്കോലും
അളന്നെടുക്കാനൊരു
തുണ്ടു ഭൂമിയുമില്ലാതെ
കണ്ണീരൊപ്പും കൈലേസാൽ
വീതുളിപ്പാടുകൾ
തെല്ലു മറച്ചും... ഹോ..
യേശുവേ...
ഞാൻ അത്രമേൽ
സ്നേഹിക്കുന്നു നിന്നെ.
നിന്റെ കൂട്ടം തെറ്റിയ
കുഞ്ഞാടുകൾ
ചുമടുതാങ്ങികളിൽ
നീ ഒഴുക്കിയ രക്ത
പാഥേയമുണ്ട്
നിന്നെ അറിയില്ലെന്ന്
അടക്കം പറയുന്നത്
എന്റെ ഉൾക്കരണങ്ങൾ
കേൾക്കുന്നു.
ഒരു സന്ദേഹിയുടെ
മനസ്സാണെനിക്ക്..
യേശുവേ..
ദൈവ പുത്രൻ
മനുഷ്യനാണെന്ന്
അവരറിയും മുൻപേ
നിന്നെ
ഒറ്റുകൊടുക്കാനൊരു
മോഹം
എന്നിലുദിച്ചുയരുന്നു..
നീ എന്നോട് പൊറുക്കേണമേ.