മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് നവതി ആശംസകൾ!! ഡോ. മിനി നരേന്ദ്രൻ

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് നവതി ആശംസകൾ!!  ഡോ. മിനി നരേന്ദ്രൻ


ആ ചന്ദ്ര- താരം  മലയാളത്തിന്റെ സർഗ്ഗ ചൈതന്യം
എം. ടി  പ്രഭ ചൊരിയട്ടെ....

ജന്മദിനാശംസകൾ 

കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി ഒരു തലമുറയെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ  എം.ടി. യ്ക്ക് നവതി
ആശംസകളോടെ മലയാളവും മലയാളിയും!

നാളുകൾക്കു മുൻപ് വളരെ ഉത്സാഹത്തോടെ വായനയെ പരിപോഷിപ്പിച്ചിരുന്ന കാലത്ത് ഉള്ളിൽ തട്ടിയ കഥയായിരുന്നു എം . ടി യുടെ
"ഒരു പിറന്നാളിന്റെ ഓർമ്മ!"

നാളെ എന്റെ പിറന്നാളാണ്’ എന്ന വരിയിൽ എംടിയുടെ പിറന്നാൾക്കഥ തുടങ്ങുന്നു. ഓർമ്മയുണ്ടായിരുന്നില്ല....അവളുടെ കത്തിൽനിന്നു മനസ്സിലാക്കുകയായിരുന്നു. ഭർത്താവിനു നൻമ വരാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന ഭാര്യയുടെ ഓർമപ്പെടുത്തൽ. പിറന്നാളിന്റെ സാമീപ്യത്തിൽ പണ്ടെല്ലാം ആഹ്ളാദം തോന്നിയിരുന്നു. ഇപ്പോഴാകാട്ടെ...  നേർത്ത വേദന. 

ജീവിതത്തിന്റെ വസന്തകാലമെന്നു കവികൾ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിന്റെ
അവസാനമടുത്തുതുടങ്ങിയതിനാലാവാം . പലതും ഓർത്തുപോകുന്നു. കഴിഞ്ഞുപോയ പിറന്നാളുകൾ. ഇരുപതിൽപ്പരം വർഷങ്ങൾക്കുമുമ്പൊരു പിറന്നാൾ ദിനത്തിനു ചുറ്റും വേദനയൂറുന്ന നിരവധി ഓർമകളുണ്ട്. ഒരു മനുഷ്യനെ കൊല്ലാൻ നിശ്ചയിച്ചതുപോലും ഒരു പിറന്നാളിന്റെയന്ന്. എംടി കാലത്തെക്കുറിച്ചെഴുതുമ്പോൾ തെളിഞ്ഞുവരുന്നുണ്ട് കേരളത്തിന്റെ
അരനൂറ്റാണ്ടു മുമ്പത്തെ സാമൂഹിക ജീവിതവും.

ഓണം പോലെ അപൂർവദിവസങ്ങളിൽ മാത്രം
വീടുകളിൽ സദ്യ ഉണ്ടാക്കിയിരുന്ന കാലം. പിറന്നാളിനു സദ്യയുണ്ട്. എല്ലാവരുടെയും പിറന്നാളിനല്ല;
പ്രായമായ പ്രമുഖരുടെ മാത്രം; വല്യമ്മാവന്റെ പിറന്നാൾ പോലെ....വല്യമ്മാവന്റെ മകൻ പിറന്നാൾദിനത്തിൽ വീട്ടിൽ വന്നപ്പോഴാണ്
മനസ്സിലാകുന്നത്  കുട്ടികളുടെ പിറന്നാളിനും സദ്യയുണ്ടാക്കുമെന്ന്.  അടുത്ത കർക്കടകം വരാൻ കാത്തിരുന്നു!
പിറന്നാളിനുവേണ്ടി......    പിറന്നാൾ സദ്യക്കായി!

കാത്തിരുന്ന ദിവസത്തിന്റെയന്ന് സദ്യ ഉണ്ടാക്കണമെന്ന് അമ്മയോടു പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയായിരുന്നു അമ്മ.
നെല്ലളന്നുതരുന്നത് അമ്മാവനാണ്. കൂടുതൽ ഒരുമണി പോലും തരില്ല. എങ്കിലും പിറന്നാളിന്
പ്രതീക്ഷയോടെ കാത്തിരുന്നു. അമ്മാവൻ പത്തായം തുറന്നു നെല്ലളന്നിടുന്നു. അമ്മ പതുക്കെ ചോദിച്ചു    "ഇന്നു കുഞ്ഞിന്റെ പിറന്നാളാ...അമ്പലത്തിൽ പായസം നേർന്നിട്ടുണ്ട്. നാലെടങ്ങഴി നെല്ലു കൂടി"...... അമ്മാവന്റെ ശബ്ദത്തിൽ  നിറയെ ദേഷ്യം. 'ആരു പറഞ്ഞു നേരാൻ....?എന്തിന്.? കൂടുതൽ നെല്ല് അവന്റെ അച്ഛനോടു ചോദിക്ക്. കാൽക്കാശിന് ഉപകാരം ഇല്ലാത്തവൻ'.
വല്യമ്മാവൻ കുറ്റങ്ങൾ നിരത്തിയപ്പോൾ അമ്മയ്ക്കു പറയാതിരിക്കാനായില്ല...
"എന്റെ ഇഷ്ടത്തിനു  നടത്തീതല്ലല്ലോ".
ഒരടി പൊട്ടുന്ന ശബ്ദമായിരുന്നു മറുപടി. കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മ
പത്തായത്തിന്റെ മുകളിലേക്കു കമഴ്ന്നു വീഴുന്നു....!

എല്ലാവരും വന്നൊന്നു നോക്കി, തിരിച്ചുപോയി. മുത്തശ്ശി മാത്രം രണ്ടു പ്രാവശ്യം ഉച്ചത്തിൽ രാമായണo ജപിച്ചു.....!
കുറച്ചുകഴിഞ്ഞപ്പോൾ അമ്മ പത്തായപ്പുരയുടെ ഒതുക്കുകളിറങ്ങിവന്നു.
കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുകിയിരുന്നു. ഇടത്തെ പുരികത്തിനു മുകളിൽ ചോരയും. കുളിക്കാൻ അമ്മ നിർബന്ധിക്കാത്ത ...സദ്യ ഉണ്ണാത്ത,...പായസം കഴിക്കാത്ത പിറന്നാൾ.

ഈ കഥാoശം തന്നെ എത്ര നൊമ്പരപെടുത്തുന്നു...കണ്ണു നനയിക്കുന്നു..
എങ്കിലും കാലം മയ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ...?
അതെ,  സാഹിത്യനഭസ്സിലെ സൂര്യ തേജസ്സായ പ്രിയപ്പെട്ട മലയാളത്തിന്റെ കഥാകാരന് ഓരായിരം പിറന്നാൾ
ആശംസകളാൽ
   സ്നേഹത്തിന്റെ,ആദരവിന്റെ സദ്യയൊരുക്കുകയാണ്
മലയാളവും മലയാളിയും