പൈതൃക വഴികളിൽ മാർഗ ദീപമായി മോളി കുര്യൻ വർഗീസ്  എഴുതിയ 'ദി  നസ്രാണീസ്'

പൈതൃക വഴികളിൽ മാർഗ ദീപമായി മോളി കുര്യൻ വർഗീസ്  എഴുതിയ 'ദി  നസ്രാണീസ്'




ജോർജ് തുമ്പയിൽ
 

മോളി കുര്യൻ വർഗീസ് (B. Sc, R.N., B. S. N.) രചിച്ച 'നസ്രാണീസ്' -സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള, ഇന്ത്യ-എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ പൈതൃകത്തെക്കുറിച്ചും ഈ സമുദായത്തിന്റെ  വേറിട്ടതും സവിശേഷതയാർന്നതുമായ സാംസ്കാരിക തനിമ, അവയുടെ അർത്ഥങ്ങൾ എന്നിവയെ കുറിച്ചും വിശദമായ വിവരണങ്ങൾ നൽകുന്നു.
 ഭാവി തലമുറകൾ തങ്ങളുടെ ചരിത്രം  പഠിക്കുകയും പൈതൃകത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതിനൊപ്പം 1,950 വർഷത്തിലേറെയായി തലമുറകളായി പിന്തുടരുന്ന പാരമ്പര്യങ്ങൾ പിന്തുടരാനും പുസ്തകം പ്രചോദനമാകും.
 ക്രിസ്റ്റ്യാനിറ്റിയുടെ തുടക്കവും അപ്പോസ്‌തോലന്മാർ ലോകമെങ്ങും ക്രിസ്റ്റ്യാനിറ്റിയെ  പ്രഘോഷിച്ചതും യൂറോപ്പിലെ വിശുദ്ധയുദ്ധത്തിൻറെ (കുരിശുയുദ്ധം)  ഹ്രസ്വ ചരിത്രവും പുസ്തകത്തിൽ ചുരുക്കമായി പ്രതിപാദിക്കുന്നു . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലവും വൈവിധ്യമാർന്നതുമായ സ്വഭാവം , സംസ്കാരം, ചരിത്രം, ഇന്ത്യൻ ജനത പിന്തുടരുന്ന വിവിധ മതങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ആഗോള വീക്ഷണം ഈ പുസ്തകം നൽകുന്നു. പണ്ട് കാലത്ത്  ഗ്രീസ്, റോം, അലക്സാണ്ട്രിയ, അറേബ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള  വ്യാപാരികൾ കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക്  വേണ്ടി ഇന്ത്യയിലെ തെക്കൻ സംസ്ഥാനമായ കേരളവുമായി ബന്ധമുണ്ടാക്കിയതെങ്ങനെയെന്നും  ആ വ്യാപാരികളും അവരുടെ സംസ്കാരവും അക്കാലത്തെ പ്രാദേശിക ജനതയെ എങ്ങനെ സ്വാധീനിച്ചുവെന്നും പുസ്തകം പറയുന്നു.

തങ്ങളുടെ ഡിനോമിനേഷനോ  തങ്ങൾ എവിടെ താമസിക്കുന്നു എന്നതോ പരിഗണിക്കാതെ നസ്രാണി  സമൂഹം  സ്നേഹം, സമാധാനം, സത്യസന്ധത,  സേവനപ്രവർത്തികൾ , യേശുക്രിസ്തുവിലുള്ള വിശ്വാസം എന്നിവയിൽ  സെന്റ് തോമസ് സ്ഥാപിച്ച മാതൃക പിന്തുടരുന്നതിൽ  പുസ്തക രചയിതാവ്  ശുഭ പ്രതീക്ഷ പങ്ക് വെക്കുന്നു. നസ്രാണി സമൂഹം തങ്ങളുടെ ചരിത്രത്തിലും പൈതൃകത്തിലും അഭിമാനിക്കുന്നതിലും  വലിയ പ്രതീക്ഷയാണ് പുസ്തകം പങ്ക് വെക്കുന്നത്. തങ്ങളുടെ നസ്രാണി പാരമ്പര്യത്തെയും സംസ്കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അഭിമാനിക്കാനും ആവേശഭരിതരാകാനും വരും തലമുറകളെ  പ്രോത്സാഹിപ്പിക്കുകയും പുസ്തകം ലക്ഷ്യമിടുന്നു .
 2016 ൽ പ്രസിദ്ധീകരിച്ച പതിപ്പിന്റെ പരിഷ്കരിച്ചതും അപ്ഡേറ്റ് ചെയ്തതുമായ പതിപ്പാണ് ഇത്  .

2016 ൽ ന്യൂ ജേഴ്സിയിലെ ഫ്രീഹോൾസിൽ താമസിച്ചിരുന്ന മോളി കുര്യൻ വറുഗീസും കുടുംബവും, അവരുടെ വീട്ടിൽ വെച്ചാണ് ഒന്നാം പതിപ്പിന്റെ പ്രകാശനം നിർവഹിച്ചത്. അന്ന് ന്യൂ ജേഴ്സി 7-ാം ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ച പീറ്റർ ജേക്കബ് ആയിരുന്നു പ്രകാശന കർമം നിർവഹിച്ചത് .

വാകത്താനംകാരിയായ ലേഖികയുടെ ഉള്ളുരുകിയ പുസ്തകത്താളുകളിലൂടെ സഞ്ചരിക്കുമ്പോൾ, നസ്രാണികളുടെ ജീവിത ചര്യകളിലെ ചിട്ടവട്ടങ്ങളൊക്കെയും ഹൃദിസ്ഥമാക്കുകയും ചെയ്യാം.
'നസ്രാണീസ്' സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള, ഇന്ത്യ
രചയിതാവ്: മോളി കുര്യൻ വർഗീസ് B. Sc, R.N., B. S. N.
പ്രസിദ്ധീകരിച്ചത്:  റെക്ടോ & വെർസോ
ആൻ ഇംപ്രിന്റ് ഓഫ് വി. സി. തോമസ് എഡിഷൻസ്, കൊച്ചി, ഇന്ത്യ