സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

തിരുവനന്തപുരം: 28-ാമത് ഐ.എഫ്.എഫ്.കെയില്‍ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്.

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് 43കാരിയായ വനൂരി. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു. നടപ്പുസദാചാരമൂല്യങ്ങളും കെനിയന്‍ നിയമവും ലംഘിച്ചുകൊണ്ട് ചിത്രം സ്ത്രീകളുടെ സ്വവര്‍ഗപ്രണയത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് നിരോധനത്തിന് കാരണമായി സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. പ്രധാന കഥാപാത്രമായ കേന പശ്ചാത്തപിക്കുന്ന വിധത്തില്‍ അവസാനരംഗം മാറ്റിയാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞെങ്കിലും വനൂരി വഴങ്ങിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ ഭരണഘടനാ കോടതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു അത്. 11 അവാര്‍ഡുകള്‍ നേടി അന്താരാഷ്ട്ര തലത്തില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വപ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും ഭീഷണികള്‍ വരെ ഉണ്ടായി.

ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ വനൂരി പുരസ്‌കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.