ചിക്കാഗോയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കാണാതായി

ചിക്കാഗോയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കാണാതായി

ചിക്കാഗോ: ഇന്ത്യൻ വിദ്യാർത്ഥിയെ ചിക്കാഗോയില്‍ കാണാതായതായി വിവരം. മെയ് 2 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. ഹൈദരാബാദ് സ്വദേശി രൂപേഷ് ചന്ദ്ര ചിന്തക്കണ്ടി എന്ന വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാതായത്.

ചിക്കാഗോയിലെ കോണ്‍കോർഡിയ യൂണിവേഴ്‌സിറ്റിയിലെ മാസ്‌റ്റേഴ്‌സ് വിദ്യാർത്ഥിയാണ് രൂപേഷ്. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയും (സിജിഐ) പ്രാദേശിക പൊലീസും യുവാവിനെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. മകന്റെ തിരോധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. മകനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച്‌ രക്ഷിതാക്കള്‍ യുവാവിനൊപ്പം താമസിക്കുന്ന മറ്റുള്ളവരെ രക്ഷിതാക്കള്‍ സമീപിച്ചിരുന്നു.

ടെക്‌സാസില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞിരുന്നതായി സഹതാമസക്കാർ പറഞ്ഞു. മെയ് 2നാണ് രൂപേഷ് കുടുംബവുമായി അവസാനമായി സംസാരിച്ചത്. തനിക്ക് കുറച്ച്‌ ജോലിയുണ്ടെന്നും പിന്നീട് സംസാരിക്കാമെന്നുമായിരുന്നു രൂപേഷ് പിതാവിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ആയിരുന്നെന്നും പിതാവ് പറഞ്ഞു.

രൂപേഷിന്റെ കുടുംബം പൊലീസിനെയും യുഎസ് എംബസിയെയും വിവരം അറിയിച്ചതായി പിതാവ് പറഞ്ഞു. തങ്ങള്‍ ചിക്കാഗോ പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുടുംബം അറിയിച്ചു. ' ഇന്ത്യൻ വിദ്യാർത്ഥി രൂപേഷ് ചന്ദ്ര ചിന്തക്കണ്ടിയെ മെയ് 2 മുതല്‍ കാണ്മാനില്ല. സംഭവത്തില്‍ വലിയ ആശങ്കയുണ്ട്.' ചിക്കാഗോയിലെ ഇന്ത്യൻ എംബസി എക്‌സില്‍ കുറിച്ചു.