കൂട്ട അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു

കൂട്ട അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കൂട്ട അവധിയെടുത്ത ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് . ഫ്‌ളൈറ്റ് ഓപ്പറേഷന്‍ തടസപ്പെടുത്തിയതും നിയമന വ്യവസ്ഥകള്‍ ലംഘിച്ചതും കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

നൂറിലധികം ക്രൂ അംഗങ്ങള്‍ പെട്ടെന്ന് മെഡിക്കല്‍ ലീവില്‍ പോയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയര്‍ലൈന് 90 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസിലെ മുതിര്‍ന്ന ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിയ പണിമുടക്കിന്റെ ഭാഗമായിരുന്നു കൂട്ട അവധി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എയര്‍ലൈനിന്റെ പല വിമാനങ്ങളും പറന്നുയരാന്‍ കുറച്ച്‌ സമയം മാത്രം അവശേഷിക്കെ റദ്ദാക്കുകയായിരുന്നു. അവസാന നിമിഷം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ രോഗിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്തതാണ് കാരണം.

ഇന്നലെ വൈകുന്നേരം മുതല്‍ തങ്ങളുടെ നൂറിലധികം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത ഡ്യൂട്ടിക്ക് അവസാന നിമിഷം മുമ്ബായി സുഖമില്ലെന്ന് കാണിച്ച്‌ അവധിയില്‍ പ്രവേശിച്ചു. ഇത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് എയര്‍ലൈനിന്റെ സിഇഒ അലോക് സിങ് വ്യക്തമാക്കി.

മെയ് 13 വരെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.