റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ല: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഗസ്സ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍.

ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും'' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയണ്‍ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങള്‍ പോലെയുള്ള പ്രതിരോധ ആയുധങ്ങള്‍ അമേരിക്ക ഇസ്രായേലിന് നല്‍കുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി ഷെല്ലുകളും നല്‍കില്ലെന്നും വ്യക്തമാക്കി. ''റഫയിലെ നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേല്‍ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും'' ജോ ബൈഡൻ പറഞ്ഞു.

ഗസ്സ നഗരമായ റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രായേലിന്‍റെ നീക്കങ്ങളെ എതിർത്ത് രാജ്യത്തേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യു.എസ് കഴിഞ്ഞയാഴ്ച താല്‍ക്കാലികമായി നിർത്തിവച്ചതായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.