സ്വതന്ത്രവും നീതിയുക്തവുമാവട്ടേ തിരഞ്ഞെടുപ്പ്
ഇന്ത്യയുടെ 18ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുന്നു . കേരളമടക്കം സംസ്ഥാനങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം നടന്നുകൊണ്ടിരിക്കുന്നു . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊണ്ടിരുന്ന ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് , അഥവാ ഏകാധിപത്യസ്വഭാവത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് എന്നുപറഞ്ഞാൽ തെറ്റ് പറയാനാവില്ല. ഭരണസംവിധാനത്തെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ഭരണപക്ഷം നടത്തുന്ന നീക്കങ്ങൾ ജനങ്ങളിൽ പൊതുവെ ആശങ്കയുയർത്തുന്നുണ്ട് .
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമ നിർമാണ സഭകൾ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങിയ സംവിധാനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ അവയുടെ പവിത്രത എത്രത്തോളം കാത്തു സൂക്ഷിക്കാനായി എന്ന് കാലം തെളിയിക്കട്ടെ . സുപ്രീംകോടതിയിൽ നിന്നും ഹൈകോടതികളിൽനിന്നുമൊക്കെ ഉണ്ടാകുന്ന അപൂർവം ചില വിധികൾ മാത്രമാണാശ്വാസം .
ഇതിനിടയിലും ഈസ്റ്റർ ദിനത്തിൽ ചരിത്രമുറങ്ങുന്ന ഡൽഹിയിലെ രാംലീല മൈതാനിയിൽ 'ഇന്ത്യ' സഖ്യമുയർത്തിയ കൂട്ടായ്മയുടെ സന്ദേശം രാജ്യമാകെ ആവേശമായി പടർന്നിരിക്കുന്നു എന്നത് ശുഭ സൂചനയാണ് . ‘ഭാരതം ഒന്നിക്കും ഇന്ത്യ ജയിക്കും' എന്നാണ് രാം ലീല മൈതാനിയിൽ ഉയർന്നുകേട്ട സന്ദേശം.
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ലോകത്തിന് തന്നെ മാതൃകയായി ഇത്ര കാലവും നിന്നതുപോലെ ഇനിയും നിലനിൽക്കണം. മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി ജയിലിലടക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല . ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ 'ഇന്ത്യ' കൂട്ടായ്മയിലെ പ്രധാന കക്ഷികളിലൊന്നായ ആം ആദ്മി പാർടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച നടപടി അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായിരിക്കുന്ന നാളുകളാണിത് . കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അക്കൗണ്ട് മരവിപ്പിച്ചും ആദായ നികുതി വകുപ്പിന്റെ പരിശോധന ശക്തമാക്കിയും സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നതിനെയും ലോക രാജ്യങ്ങള്‍ വിമർശിക്കുന്നു.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നീതിയുക്തവും സ്വതന്ത്രവുമായിരിക്കണമെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറലും വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. കെജ്‌രിവാളിന്റെ അറസ്റ്റിനെ വിമർശിച്ച് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയവും അമേരിക്കയും രംഗത്തുവന്നു . ഈ വിദേശ രാജ്യങ്ങളുടെ പ്രതികരണങ്ങളോട് പക്ഷെ രൂക്ഷമായ പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ജര്‍മന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യൻ പരമാധികാരത്തിലും നീതിവ്യവസ്ഥയിലും ഇടപെടാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന തരത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പ്രസ്താവനയിറക്കുകയും ചെയ്തു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. യു എന്നിന്റെ കൂടി മുന്നറിയിപ്പ് വന്നതോടെ ശക്തമായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും നിയമ പരിപാലനത്തെക്കുറിച്ച് ആരും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തന്നെ രംഗത്ത് വന്നു.
ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപകരണമായി അന്വേഷണ ഏജന്‍സികള്‍ മാറുമ്പോള്‍ എങ്ങനെയാണ് നിയമവാഴ്ച സാധ്യമാകുക എന്ന ചോദ്യങ്ങൾ ചുറ്റിലും ഉയരുന്നതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല . പ്രതിപക്ഷ പാര്‍ട്ടികളെ വരിഞ്ഞുമുറുക്കി നടത്തുന്ന തിരഞ്ഞെടുപ്പ് എങ്ങനെയാണ് സ്വതന്ത്രവും നീതിയുക്തവുമാകുക?. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാനുള്ള സാധ്യതയും പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പരമ്പരാഗത മൂല്യങ്ങളില്‍ നിന്നും അകലുന്നുവോയെന്ന് അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾ വരുന്നത് നല്ല സൂചനയല്ല . കെജ്‌രിവാളിന്റെ കേസിനെ ഭരണപക്ഷം ന്യായീകരിക്കുമ്പോൾ അതിലും എത്രയോ ഇരട്ടി സാമ്പത്തിക നേട്ടമുണ്ടാക്കിയ ഇലക്ടറല്‍ ബോണ്ട് ഇടപാടുകളില്‍ നടപടിയുണ്ടാകുന്നുമില്ല .
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പ്രതിപക്ഷത്തെ അകറ്റി നിര്‍ത്താൻ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണ്, ജനാധിപത്യവിരുദ്ധമാണ്. അത്തരം നടപടികള്‍ തിരുത്താനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് കളമൊരുക്കാനുമാണ് ഭരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. എങ്കിലേ രാജ്യത്തിന് നഷ്‌ടമായ പ്രതിച്ഛായ വീണ്ടെടുക്കാനാകൂ .