അക്കൗണ്ടില്‍ വേണ്ടത് 16.29 ലക്ഷം; വിദ്യാര്‍ഥി വിസാനിയമം കര്‍ശനമാക്കി ഓസ്ട്രേലിയ

അക്കൗണ്ടില്‍ വേണ്ടത് 16.29 ലക്ഷം; വിദ്യാര്‍ഥി വിസാനിയമം കര്‍ശനമാക്കി ഓസ്ട്രേലിയ

സിഡ്നി: വിസാ നിയമങ്ങള്‍  കർശനമാക്കി ഓസ്ട്രേലിയ. രാജ്യത്ത് പ്രവേശിക്കുന്നതിന് വിദ്യാർഥികള്‍   സേവിങ്സ് ആയി കാണിക്കേണ്ട തുക ഉയർത്തിയതാണ് പുതിയ മാറ്റം.

 മെയ് 10 മുതല്‍ 29,710 ഓസ്ട്രേലിയൻ ഡോളർ (16,29,964 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ തീരുമാനം.

ഓസ്ട്രേലിയയിലെത്തിയതിനു ശേഷമുള്ള വിദ്യാർത്ഥികളുടെ ചെലവുകള്‍ വഹിക്കാനാകുമെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ജീവിതചെലവ് കണ്ടെത്താനായി വർഷത്തില്‍ 25% ക്ലാസുകളില്‍ പങ്കെടുക്കാതെ ജോലിക്കുപോകേണ്ടിവരുന്ന അവസ്ഥ ഇതോടെ ഒഴിവാക്കാനാകുമെന്നും അധികൃതർ പറയുന്നു.

ഓസ്ട്രേലിയ ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാർത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക  ഉയർത്തുന്നത്. 21,041 ഓസ്ട്രേലിയൻ ഡോളറില്‍ (11,54,361 രൂപ) നിന്ന് 24,502 ഓസ്ട്രേലിയൻ ഡോളറിലേക്ക് (13,44,405 രൂപ) കഴിഞ്ഞ ഒക്ടോബറില്‍ തുക ഉയർത്തിയിരുന്നു.