തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നീക്കം ദുരുദ്ദേശ്യപരം; പ്രമേയം ഐകകണ്ഠ്യേന പാസാക്കി നിയമസഭ

വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നീക്കത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തിൽ പ്രതിപക്ഷം ചില ഭേദഗതികൾ നിർദ്ദേശിക്കുകയും അവയിൽ ചിലത് സഭ അംഗീകരിക്കുകയും ചെയ്തു.
മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നവർ എസ്.ഐ.ആർ. ഉപയോഗിക്കുന്നത് ജനാധിപത്യം നേരിടുന്ന ഒരു വെല്ലുവിളിയാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികളെ ധിക്കരിച്ച്, സുതാര്യമായ വോട്ടർ പട്ടികാ പുതുക്കൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് ഈ നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെടുന്നു. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനകളും ആവശ്യമുള്ള എസ്.ഐ.ആർ. പോലുള്ള തിടുക്കത്തിലുള്ള പ്രക്രിയ ജനഹിതത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്ന ഭയം നിലനിൽക്കുന്നുണ്ട്.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുകയാണ്. അതിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എസ്.ഐ.ആർ. തിടുക്കത്തിൽ നടത്തുന്നത് ദുരുദ്ദേശപരമാണ്. വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനരവലോകനത്തിന് വിധേയമാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻ.ആർ.സി) കുടിലമായ നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്.
ബീഹാറിലെ എസ്.ഐ.ആർ. പ്രക്രിയ ഇത്തരം ആശങ്കകൾ ശരിവെക്കുന്നതാണ്. ബീഹാറിലെ വോട്ടർ പട്ടികാ പുനരവലോകനം ഒഴിവാക്കലിൻ്റെ രാഷ്ട്രീയം എന്ന് വിലയിരുത്തപ്പെടുന്നു. ബീഹാറിലെ വോട്ടർ പട്ടികയിൽ യുക്തിരഹിതമായി ഒഴിവാക്കലുകൾ നടന്നു. ഈ വിഷയത്തിൽ കൂടുതൽ സംശയങ്ങൾ നിലനിൽക്കുന്നുമുണ്ട്.