വിയറ്റ് നാമിൽ ഭാഗ്യം വിൽക്കുന്നവർ : മിനി സുരേഷ്

മിനി സുരേഷ്
നാളെയാണ് ..നാളെയാണ് നാളത്തെ ഭാഗ്യവാൻ നിങ്ങളാണ്.കേരളത്തിലെ മുക്കിലും
മൂലയിലും സ്ഥിരം കേൾക്കാറുള്ള ശബ്ദം
വിയറ്റ് നാമിലെ തിരക്കേറിയ വീഥികളിൽ മുഴങ്ങി
കേട്ടപ്പോൾ കൗതുകമാണ് തോന്നിയത്.അതിരാവിലെ മോട്ടോർ സൈക്കിളുകളിൽ ജോലിസ്ഥലത്തേക്കും മറ്റും പായുന്നവരുടെ തിരക്കാണ്.അതിനിടയിൽ ചെറിയൊരു സൈക്കിൾറിക്ഷയിൽ ഒരു വിയറ്റ്നാംകാരൻ ലോട്ടറി വിപണനം നടത്തുന്നു .സഞ്ചാരികളായ ഞങ്ങൾക്കുനേരെയും അയാൾ ടിക്കറ്റുകൾ നീട്ടി. 'എങ്ങാനും ബംബറടിച്ചാൽ അറിയാതെ പോകുമല്ലോ' എന്ന്കൂട്ടത്തിലൊരാൾ തമാശ പറഞ്ഞതിനാലാവണം ആരും ലോട്ടറി ടിക്കറ്റ് വാങ്ങിയില്ല.
തെരുവോരങ്ങളിലും , ടിക്കറ്റും കയ്യിലേന്തി നടന്നുമൊക്കെ ലോട്ടറി വ്യാപാരത്തിലൂടെ
ഉപജീവനം നടത്തുന്ന ധാരാളം ആളുകളെ കണ്ടു.
കേരളത്തിലെപ്പോലെ വിയറ്റ്നാമിലും ലോട്ടറി പ്രധാന വ്യവസായമാണ്. പ്രധാന നഗരങ്ങളായ ഹോചി മീൻ സിറ്റി ,ഹാനോയ് ,ഡാനാംഗ് എന്നിവിടങ്ങളിൽ സംസ്ഥാന ലോട്ടറികൾ ഉണ്ട്.
അവിടുത്തെ 64 പ്രവശ്യകളിലും സർക്കാർ നിയന്ത്രണത്തിലുള്ള അനവധി
ഔദ്യോഗിക ലോട്ടറി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.അനധികൃത ലോട്ടറികളും പ്രചാരത്തിലുണ്ട്.വ്യാജന്മാരെ നേരിടാൻ നിയമം കർക്കശവുമാണ്.ഓൺലൈനായും ലോട്ടറികൾ ലഭിക്കും.പതിനെട്ട് വയസ്സ്പൂർത്തിയായവർക്ക് മാത്രമാണ് ലോട്ടറി വാങ്ങുവാൻ
അനുമതിയുള്ളത്. വിജയം നേടിയാൽ നികുതിയുംനൽകണം.
പൊതുക്ഷേമ പദ്ധതികൾക്കും ,വികസനങ്ങൾക്കും ലോട്ടറിയിൽ നിന്നുള്ള വരുമാനമാണ് ഉപയോഗിക്കുന്നത്.2016 ൽ ആരംഭിച്ച വിയറ്റ് ലോട്ട്
ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.ജാക്ക് പോട്ട് ,സ്ക്രാച്ച് കാർഡ് പോലെയുള്ള കളികളും വാഗ്ദാനമായുണ്ട്.
തൊഴിൽ മേഖലയിലും നിർണായ പങ്കു വഹിക്കുന്ന ലോട്ടറി വ്യവസായം
രാജ്യത്തിന് വലിയ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു. 2023 ൽ 3.4 ബില്യൻ യു.എസ് ഡോളർ വരുമാനം നേടിക്കൊടുത്തതായാണ് കണക്കുകൾ പറയുന്നത്.1959 മുതൽ 1975 വരെയുള്ള കാലയളവിൽ നടന്ന യുദ്ധം വരുത്തിയ പ്രതിസന്ധിയെ അതിജീവിച്ച്
വിയറ്റ് നാം അതിദൂരം മുന്നേറിയിരിക്കുന്നു.സർക്കാർ കണക്കുകൾ പ്രകാരംGDP 8.17% ഉയർന്നിട്ടുണ്ട്.
ഇന്നവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് ചരിത്രവും ,പാരമ്പര്യവും ,ആധുനികതയും ഇഴ ചേരുന്ന അനേകം മിശ്രിതാനുഭവങ്ങളാണ് .