വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാൻ ബിജെപി; വെള്ളാപ്പള്ളി നടേശനും ജാവദേക്കറും കൂടിക്കാഴ്ച നടത്തി

Jan 4, 2026 - 19:51
 0  10
വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാൻ ബിജെപി; വെള്ളാപ്പള്ളി നടേശനും   ജാവദേക്കറും കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

സന്ദീപ് വാചസ്പതി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. മലപ്പുറം ജില്ലയെയും മുസ്ലീം ലീഗിനെയും ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ ചുവയുള്ള പ്രസ്താവനകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഈ വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ബിജെപി നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചത് എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. ഏകദേശം ഉച്ചവരെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായതായാണ് വിവരം.

വെള്ളാപ്പള്ളിയുടെ നിലപാടുകളെ ബിജെപി അനുകൂലിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ തന്ത്രമായും ഇത് വിലയിരുത്തപ്പെടുന്നു.