തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു ; 'വൻതാര'യ്ക്ക് സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നൽകും
തിരുവനന്തപുരം: ഓണാഘോഷത്തിന് കൗതുകം നിറയ്ക്കാൻ കേരളത്തിലേക്ക് സീബ്രകൾ എത്തുന്നു. തിരുവനന്തപുരം മൃഗശാലയിലാണ് സീബ്രകൾ എത്തുക. ഇവ ഈ ഓണാവധിക്ക് തന്നെ എത്തിച്ചേരുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഗുജറാത്തിലെ വൻതാരയിൽ നിന്നാണ് സീബ്രകളെ എത്തിക്കുന്നത്.
ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ( വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിക്കുക. ഇതിന്റെ നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്.
തിരുവനന്തപുരം മ്യൂസിയത്തിൽ 2002ൽ സീബ്രകളുണ്ടായിരുന്നു. ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. ഗുജറാത്തിലെ വൻതാരയിൽ നിന്ന് മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് എത്തിക്കുന്നത്.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും. സീബ്രകളെ കൊണ്ടുവരുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.