ജമ്മു കശ്‌മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം; സെർജിയോ ഗോർ

Aug 19, 2026 - 13:44
 0  2
ജമ്മു കശ്‌മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം;   സെർജിയോ ഗോർ

ശ്രീനഗർ: ജമ്മു കശ്‌മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി ഊഷ്‌മളമായ കൂടിക്കാഴ്‌ചയാണ് നടന്നതെന്നും യുഎസും ജമ്മു കശ്‌മീരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഗ്രഹിക്കുന്നുവെന്നും സെർജിയോ ഗോർ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീർ സന്ദർശിക്കുന്ന ആദ്യ അമേരിക്കന്‍ സ്ഥാനപതിയാണ് സെർജിയോ ഗോർ.

ജമ്മു കശ്‌മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിൽ മേഖലയിലേക്കുള്ള യാത്രാ വിലക്കുകൾ (ട്രാവൽ അഡ്വൈസറി)അമേരിക്ക പുനഃപരിശോധിക്കുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം സെർജിയോ ഗോർ തൻ്റെ എക്‌സ് പോസ്റ്റിലും പങ്കുവച്ചു. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങൾക്കും പരസ്‌പരം പ്രയോജനകരമാകുന്ന വിധം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും നൂതന അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്‌തുവെന്നും സെർജിയോ ഗോർ എക്‌സിൽ കുറിച്ചു.

ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജിയോ ഗോർ ശ്രീനഗറിൽ എത്തിയത്. ശ്രീനഗറിലെത്തിയ ഉടൻ തന്നെ സെർജിയോ ഗോർ മുഖ്യമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു. യുഎസും ജമ്മു കശ്‌മീരും തമ്മിലുള്ള ഇടപെടൽ വരും വർഷങ്ങളിൽ വിശാലവും ആഴമേറിയതുമാകുമെന്ന് താൻ വളരെ പ്രതീക്ഷയോടെയും ശുഭാപ്‌തിവിശ്വാസത്തോടെയും കരുതുന്നു എന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു.