ഗാസ സമാധാന കരാറിന് സമയം ഞായറാഴ്ച വൈകിട്ട് 6 മണി വരെ മാത്രം ; ഹമാസിന് ട്രംപിൻ്റെ അന്ത്യശാസനം

വാഷിംൺ ഡി സി : ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സമയം ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളിൽ ഹമാസ്, ഇസ്രയേലുമായുള്ള സമാധാന കരാറിൽ എത്തിച്ചേരണമെന്നും ഇല്ലെങ്കിൽ ഇതുവരെ കാണാത്ത ആക്രമണം ഹമാസിന് നേരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ടൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് അംഗങ്ങൾ സൈനിക വലയത്തിലാണെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദ്ദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്നും നിബന്ധനകൾ നിലവിൽ വന്നുകഴിഞ്ഞാൽ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും ഘട്ടം ഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെയും ഹമാസിനെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ട്രംപ്, പോരാട്ടം ഉടനടി അവസാനിപ്പിക്കാൻ മാത്രമല്ല, ഗാസയുടെ യുദ്ധാനന്തര ഭരണത്തിന് ഒരു ചട്ടക്കൂട് നൽകുന്നതുമായ 20 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിൻ്റെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു രൂപരേഖയായിട്ടാണ് വൈറ്റ് ഹൗസ് ഈ പദ്ധതി പുറത്തിറക്കിയത്.