മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

Oct 3, 2025 - 17:08
 0  8
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ പത്രപ്രവർത്തന മേഖലയൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു.
1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്.ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ ടി.ജെ.എസ് ജോർജ് ഇൻറര്‍നാഷണൽ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യു എന്നിവയിൽ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഹോംങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്‍റെ സ്ഥാപക പത്രാധിപരാണ്.
1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി.സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് അദ്ദേഹത്തെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 37 വയസായിരുന്നു അദ്ദേഹത്തിന്. സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോർജ്. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.