ട്രംപിന് നോബൽ സമ്മാനം നേടണമെങ്കിൽ ഗാസ യുദ്ധം അവസാനിപ്പിക്കണം: ഇമ്മാനുവൽ മാക്രോൺ

പാരിസ്: താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയെച്ചൊല്ലി ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാൻ കഴിയൂ എന്ന് മാക്രോൺ പറഞ്ഞു. വാർത്താ ചാനലായ ബിഎഫ്എംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാക്രോൺ ഇക്കാര്യം പറഞ്ഞത്.
ഗാസയിൽ നിലവിലെ സാഹചര്യമനുസരിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ, അത് അമേരിക്കൻ പ്രസിഡന്റാണ്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രയേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്"- മാക്രോൺ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ഉൾപ്പടെ ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് താൻ അർഹനാണെന്നുമാണ ട്രംപ് നേരത്തെ പറഞ്ഞ. ഇന്ത്യ- പാക്കിസ്ഥാൻ, തായ്ലൻഡ്- കംബോഡിയ, അർമീനിയ- അസർബൈജാൻ, കൊസവോ - സെർബിയ, ഇസ്രയേൽ- ഇറാൻ, ഈജിപ്ത്- ഇത്യോപ്യ, റുവാണ്ട-കോംഗോ യുദ്ധങ്ങളെല്ലാം അവസാനിപ്പിച്ചത് താനാണെന്നാണ്് ട്രംപിന്റെ അവകാശവാദം. പുടിനുമായി നല്ല ബന്ധമുള്ളതിനാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക എളുപ്പമെന്ന് കരുതിയെങ്കിലും പുടിൻ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.