‘തുടരും’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; നിര്‍മാതാക്കള്‍ നിയമനടപടിക്ക്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'തുടരും' സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നിരിക്കുകയാണ്. സിനിമ ബോക്സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഒരു വെബ്സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് നിരവധി മലയാള ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ കഴിയും. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.