മുഖ്യമന്ത്രിയുടെ പരസ്യശകാരം കോട്ടയത്തെ തോല്‍വിക്ക് കാരണമായെന്ന് ചാഴികാടന്‍

മുഖ്യമന്ത്രിയുടെ പരസ്യശകാരം  കോട്ടയത്തെ  തോല്‍വിക്ക് കാരണമായെന്ന് ചാഴികാടന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍   മുഖ്യമന്ത്രിക്കെതിരെ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴികാടന്‍. എല്‍ഡിഎഫ് തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് ചാഴികാടന്‍ പറഞ്ഞത്. നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം കോട്ടയത്തെ തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴികാടന്‍റെ വിമര്‍ശനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍.വാസവന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചാഴികാടന്റെ വാക്കുകളെ ജോസ്.കെ.മാണി ഖണ്ഡിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ.മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

നവകേരളസദസ് കോട്ടയത്ത് എത്തിയപ്പോഴാണ് സ്ഥലം എംപിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.