'പ്രചാരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണം'; ബിഹാർ തോൽവിയിൽ ശശി തരൂർ

Nov 14, 2025 - 19:47
 0  5
'പ്രചാരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണം'; ബിഹാർ തോൽവിയിൽ ശശി തരൂർ

തിരുവനന്തപുരം: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കോണ്‍ഗ്രസിൻ്റെ പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും ശശി തരൂർ പറഞ്ഞു.

സ്ത്രീ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ നിന്ന് സർക്കാരുകളെ തടയാനും കഴിയില്ല. പ്രചാരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.

ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിൻറെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിൻറെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തൽ.

2015ൽ മഹാസഖ്യത്തിന്റെ ഭാഗമായി 41ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. 2020ൽ വാശിപിടിച്ച് 70 സീറ്റിൽ മത്സരിച്ചപ്പോൾ‌, ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാൽ മുൻ വർഷത്തേക്കാൾ താഴേക്ക് പോയി.