നാസയുടെ ബോയിംഗ് സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി

നാസയുടെ ബോയിംഗ് സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി
ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ പേടകം ബോയിംഗ് സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിയത്.
തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നും നാസ അറിയിച്ചു. ഇന്ത്യന്‍ വംശജ സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍.

മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണ് മാറ്റിവച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്‍ററില്‍നിന്ന് രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

യുണൈറ്റഡ് ലോഞ്ച് അലയൻസ് (യുഎല്‍എ) നിർമിച്ച അറ്റ്‍ലസ് അഞ്ച് റോക്കറ്റാണ് വിക്ഷേപണവാഹനം. നേരത്തേയും സാങ്കേതികത്തകരാറുകളെത്തുടർന്ന് ദൗത്യം മാറ്റിവച്ചിരുന്നു.