സുധാകരന് സീറ്റില്ല : സ്വതന്ത്രനായി മത്സരിക്കാനില്ല , പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് പ്രതികരണം

Mar 19, 2026 - 18:13
Mar 19, 2026 - 19:41
 0  2
സുധാകരന് സീറ്റില്ല : സ്വതന്ത്രനായി മത്സരിക്കാനില്ല , പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന്  പ്രതികരണം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ സുധാകരന്‍ എംപി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സുധാകരന്‍. ഇതിനായി കടുത്ത സമ്മർദ്ദമുയർത്തി നിൽക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നു. സമ്മര്‍ദ്ദവുമായി നിന്ന സുധാകരന്റ വില പേശലിനു വഴങ്ങേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമെടുത്തു. ഇതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ അടഞ്ഞു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നു വ്യക്തമാക്കിയത്.

‘പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. പുതിയ പുതിയ കാര്യങ്ങളുമായി പാര്‍ട്ടിക്കു വേണ്ടി മുന്നോട്ടു പോകും.’
താൻ ഒരിക്കലും പാർട്ടിയെ വെല്ലുവിളിക്കാൻ ഇല്ല. കോൺഗ്രസിൽ തന്നെ തുടരും. പാർട്ടിയുടെ അനുമതിയില്ലാതെ മത്സരിക്കാൻ ഇല്ല. പാർട്ടിക്ക് വിധേയനായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതിനുശേഷം ആണ് ഡൽഹിയിൽ സുധാകരൻ മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.