'എത്രയും വേഗം ഇറാനിൽ നിന്ന് മടങ്ങുക'; പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഇറാനിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. എംബസി നിർദേശിച്ച വഴികളിലൂടെയോ അല്ലെങ്കിൽ എംബസി വഴിയോ ഇറാൻ വിടാനാണ് നിർദേശം. എംബസിയെ മുൻ കൂട്ടി അറിയിക്കാതെ രാജ്യാന്തര അതിർത്തികളിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) [email protected] എന്ന ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിർദേശം പുതുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കണമെന്നും എംബസി നിർദേശിച്ചിരുന്നു.
സൈനികർക്ക് വെടിനിർത്തൽ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.