ഹിജാബ് വിവാദം: സെന്റ് റീത്താസ് ഹൈസ്‌കൂളിന്റെ ആവശ്യം തള്ളി ഹൈക്കോടതികൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിക്കാൻ വിദ്യാർഥിക്ക് അനുമതി നൽകിയ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സംഭവം നടന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളിൽ വരാൻ അനുവദിക്കണം എന്നായിരുന്നു എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.സിബിഎസ്ഇ അഫിലിയേഷൻ ഉള്ള സ്കൂൾ ആയതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഹിജാബ് ധരിച്ച കുട്ടിയെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു.