തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇരുവരെയും ഉള്‍പ്പെടുത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്ന് ശിവന്‍ കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.