60 കോടി തട്ടിപ്പ് കേസ്; ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം!

Dec 17, 2025 - 18:16
 0  3
60 കോടി തട്ടിപ്പ് കേസ്;   ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം!

ബോളിവുഡ് താരം ശില്പ ഷെട്ടിക്കും ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുംബൈ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശില്പയും രാജും ചേർന്ന് നടത്തിയിരുന്ന ‘ബെസ്റ്റ് ഡീൽ ടിവി’ എന്ന കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് പറഞ്ഞ് ദീപക് കോത്താരിയെ വിശ്വസിപ്പിച്ചു. 2015നും 2023നും ഇടയിൽ ഏകദേശം 60 കോടി രൂപ ഇവർ കോത്താരിയിൽ നിന്ന് കൈപ്പറ്റി. എന്നാൽ ഈ തുക ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നാണ് പരാതി.

മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ദമ്പതികൾക്കെതിരെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് വഞ്ചനാക്കുറ്റം കൂടി ഉൾപ്പെടുത്തിയത്. എന്നാൽ, ഈ തുകയിൽ ഒരു ഭാഗം ബിപാഷ ബസു, നേഹ ധൂപിയ തുടങ്ങിയ നടിമാർക്ക് പ്രതിഫലമായി നൽകിയിട്ടുണ്ടെന്നാണ് രാജ് കുന്ദ്രയുടെ വാദം. 2016ലെ നോട്ട് നിരോധനത്തെ തുടർന്ന് തന്റെ ബിസിനസ് വലിയ തകർച്ച നേരിട്ടെന്നും, സാമ്പത്തിക പ്രതിസന്ധി കാരണമാണ് പണം തിരിച്ചുനൽകാൻ കഴിയാത്തതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.