റഷ്യയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോട്; തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് സ്കോട്ട് ബെസന്‍റ്

വാഷിംഗ്ടൺ: തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബസന്റിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ന്യൂഡല്‍ഹിക്കും വാഷിംഗ്ടണിനും തീര്‍ക്കാനുള്ളതേ ഉള്ളൂ എന്നാണ് സ്‌കോട്ട് ബെസന്റെ പ്രതികരണം.
ഇന്ത്യ റഷ്യയില്‍ നിന്ന് ഇപ്പോഴും എണ്ണ വാങ്ങുന്നതിനെയും ബെസന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ആശങ്കയും ബെസന്റ് അറിയിച്ചു.
ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ പ്രകടനാത്മകം എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കിയത്.