സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്' നാളെ മുതല്‍ നിരത്തുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ 'പിങ്ക് ബസ്' സര്‍വീസുകള്‍ ആരംഭിക്കുന്നു. പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെയാണ് വനിതകള്‍ക്ക് മാത്രമായി പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഐടി ജീവനക്കാരുടെയും മറ്റ് വനിതാ യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ്.
വൈകിട്ട് 4:30 മുതല്‍ രാത്രി 10:45 വരെയും, രാവിലെ 4:00 മുതല്‍ 8:00 വരെയുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9:05ന് ടെക്‌നോപാര്‍ക്കിലേക്കും രാത്രി 10:00ന് ടെക്‌നോപാര്‍ക്കില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാത്രി 9 മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞ് മടങ്ങുന്നവര്‍, വൈകിട്ടത്തെ ട്രെയിനുകളില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വീസ് വലിയ ആശ്വാസമാകും.