ലക്ഷ്‌മിപ്രിയയും ശ്വേതയും ഗൂഢാലോചന നടത്തി; കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയില്‍
എറണാകുളം: സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന് നടി ലക്ഷ്‌മിപ്രിയക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയയെ കൂടാതെ യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്ന ഗൂഡാലോചന നടത്തി സമൂഹമാധ്യമത്തിലെ വീഡിയോ തൻ്റെ മാന്യതയും സ്വകാര്യതയും തകർത്തെന്നും പരാതിയില്‍ പറയുന്നു. പൂർണ വീഡിയോ പുറത്തുവിടാതിരിക്കാൻ പാലാരിവട്ടം പൊലീസിനെ മുൻകൂട്ടി അറിയിച്ചെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല. കേസ് രജിസ്റ്റർ ചെയ്യാതെ ആറു പേരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയ പൊലീസ് നടപടി നിയമവിരുദ്ധമാണ്.
ലൈംഗിക ചുവയുള്ള പരാമർശങ്ങളിലൂടെ സ്ത്രീയുടെ അന്തസ്സിനും മാന്യതയ്ക്കും ക്ഷതമേൽപ്പിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകാതെ, താൻ നൽകിയത് സ്വകാര്യ അന്യായമായി തുടരുമെന്നും സത്യവാങ്മൂലം രേഖപ്പെടുത്താനുമാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് അൻസിബയുടെ ആവശ്യം. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തു എന്നതായിരുന്നു പരാതിയുടെ ആധാരം. എന്നാൽ, പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ ഈ പരാതിയിൽ കേസെടുക്കാൻ മതിയായ കാര്യങ്ങളൊന്നുമില്ലെന്നും വേണമെങ്കിൽ നടിക്ക് മാനനഷ്‌ടത്തിന് കോടതിയെ സമീപിക്കാമെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. പരാതി പരിഗണിച്ച കോടതിയിൽ സർക്കാരിന്‍റെ ഈ നിലപാട് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
പൊലീസിന്‍റെ ഈ നിലപാടിനെ തുടർന്നാണ് പരാതിക്കാരി ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് നിയമപോരാട്ടം ആരംഭിച്ചത്. മുമ്പും സമാനമായ രീതിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ അൻസിബ പരാതി നൽകിയിരുന്നു. നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിലും നടി ലക്ഷ്‌മി പ്രിയ, ഭർത്താവ്, എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ ഹിൽപാലസ് പൊലീസിലും അൻസിബ നൽകിയ പരാതികളിൽ കോടതി നിർദേശപ്രകാരം നേരത്തെ കേസെടുത്തിരുന്നു.
എന്നാൽ, പാലാരിവട്ടം പൊലീസിൽ നൽകിയ മൂന്നാമത്തെ പരാതിയിലാണ് കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ നടി ശ്വേതാ മേനോനും പങ്കുണ്ടെന്ന ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. അൻസിബയുടെ പുതിയ ഹർജി പരിഗണിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വിഷയത്തിൽ ബന്ധപ്പെട്ട പൊലീസ് മേലുദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി.