സമയ രഥം: കവിത, സന്ധ്യ 

Mar 19, 2024 - 15:57
 0  284
സമയ രഥം: കവിത, സന്ധ്യ 
സൂര്യൻ്റെ കുതിരയെ
പൂട്ടിയ സമയരഥം!
യാമങ്ങളുടെ
അവസാനമില്ലാത്ത 
അശ്വമേധം! 
സമയഹയത്തെ
ബന്ധിക്കുവാൻ
ഭൂമിയിലെ രാജാക്കന്മാരുടെ
പടയോട്ടം!
ഘടികാരസൂചികളുടെ 
ഉറക്കമില്ലാത്ത കറക്കം!
ആടുന്ന പെൻഡുലം,
ഓടുന്ന മണിക്കൂറുകൾ..
ഉള്ളം കൈയ്യിൽ
ഊർന്നു പോവുന്ന
മണൽ തരികൾ...
ജനിമൃതികൾ....
കുശവൻ്റെ ചക്രത്തിൽ
കുഴയുന്ന മണ്ണ്...
മാറിമറിയുന്ന കോലങ്ങൾ.
ആരക്കാലുകൾ
രാപ്പകലുകൾ 
സന്ധ്യകൾ....
ഒരേ വൃത്തത്തിൻ്റെ
ആരത്തിൽ,അന്തമില്ലാതെ
ചരിക്കുന്ന ബിന്ദുക്കൾ,
ആരാരെ പിന്തുടരുന്നു?
അനന്തമായ സമയം!
യാഗാശ്വമിതിൻ്റെ 
യജമാനനായ 
ചക്രവർത്തിയാര്?
ചതുരംഗസേനയും
രാജ്ഞിയും, സാക്ഷി, 
രാജ്യസീമകൾ ലംഘിച്ച് 
പായുമീ കുതിരയെ,
പിടിച്ചു കെട്ടുന്ന
രജപുത്രൻ ആരാവും?
ആരുടെതാവും
അന്തിമ ദിഗ്വിജയം?