സല്‍മാന് ഭീഷണി അയച്ചത് സിനിമയുടെ ഗാനരചയിതാവ്

Nov 13, 2024 - 11:45
 0  30
സല്‍മാന് ഭീഷണി അയച്ചത് സിനിമയുടെ ഗാനരചയിതാവ്
മുംബൈ: ബോളിവുഡ് നടൻ സല്‍മാൻ ഖാനു വധഭീഷണി സന്ദേശം അയച്ച കേസില്‍ വൻ വഴിത്തിരിവ്. സല്‍മാൻ ഖാന്‍റെ ചിത്രത്തിലെ ഗാനരചയിതാവാണ് ബിഷ്ണോയ് സംഘത്തില്‍നിന്നെന്ന വ്യാജേന താരത്തിനെതിരേ വധഭീഷണി മുഴക്കിയതിന് അറസ്റ്റിലായത്.
ഇരുപത്തിനാലുകാരനായ സൊഹൈല്‍ പാഷ കർണാടകയിലെ റായ്ച്ചുരില്‍ നിന്നാണ് അറസ്റ്റിലായത്. സല്‍മാൻ ഖാന്‍റെ പുതിയ ചിത്രത്തിലെ 'മേ സിക്കന്ദർ ഹൂം' എന്ന പാട്ടിന്‍റെ രചയിതാവാണ് സൊഹൈല്‍. പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ് പാഷ ഭീഷണി അയച്ചതെന്ന് പോലീസ് പറഞ്ഞു.

നവംബർ ഏഴിനാണ് മുംബൈ പോലീസിന്‍റെ വാട്‌സ്‌ആപ് ഹെല്‍പ്‌ലൈനില്‍ ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചുകോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്ണോയിയെക്കുറിച്ച്‌ പരാമർശമുള്ള "മേ സിക്കന്ദർ ഹൂം' എന്ന ഗാനത്തിന്‍റെ ഗാനരചയിതാവിനെയും സല്‍മാന്‍ ഖാനെയും വധിക്കുമെന്നയിരുന്നു. ഗാനരചിതാവിനെ ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയിലാക്കുമെന്നും സല്‍മാൻ ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ റായ്ച്ചുരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളിന്‍റെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നവംബർ മൂന്നിന് ഒരു അപരിചിതൻ ഒരു മാർക്കറ്റില്‍ വച്ച്‌ കോള്‍ ചെയ്യാൻ തന്‍റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം അദ്ദേഹം പറഞ്ഞത്.

തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം റായ്ച്ചുരിനടുത്ത് മാനവി ഗ്രാമത്തില്‍ വച്ച്‌ പാഷയെ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച ഇയാളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.