സുരേഷ് ഗോപിക്ക് തിരിച്ചടി: തൃശൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിചാരണയ്ക്ക് ഉത്തരവ്

Apr 1, 2026 - 10:15
 0  3
സുരേഷ് ഗോപിക്ക് തിരിച്ചടി: തൃശൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിചാരണയ്ക്ക് ഉത്തരവ്
തൃശൂർ : സുരേഷ്ഗോപിയുടെ ലോക്സഭാം​ഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഉപഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തൃശൂർ സ്വദേശിയായ സിപിഐ നേതാവ് എ.എസ്. ബിനോയിയാണ് സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി. ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ സുരേഷ് ​ഗോപി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കും.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സുരേഷ് ​ഗോപി മതചിഹ്നങ്ങൾ ഉപയോ​ഗിച്ചുവെന്നും ഇത് ​ഗുരുതര ക്രമക്കേടാണെന്നും ബിനോയി ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ഹർജി അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ്​ഗോപി ഉപഹർജി സമർപ്പിച്ചത്.