തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബം, സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല; പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കുമെന്ന് അരുണ്‍കുമാര്‍

Feb 18, 2026 - 15:29
Feb 18, 2026 - 15:30
 0  6
തങ്ങള്‍  എന്നും പാര്‍ട്ടി കുടുംബം, സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്  ചര്‍ച്ച ചെയ്തിട്ടില്ല; പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കുമെന്ന്  അരുണ്‍കുമാര്‍

മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിഎസിന്റെ മുന്‍ പി എ എ സുരേഷ് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മലമ്പുഴയിലെ വിഎ അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായത്. വിഎസിന്റെ മകന് മല്‍സരിക്കാനെത്തിയാല്‍ താന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് എ സുരേഷ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നാണ് അരുണ്‍കുമാര്‍ പറഞ്ഞത്. താന്‍ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സര സാധ്യത തള്ളാതെയാണ് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.