യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: വിജയത്തിളക്കത്തില്‍ മലയാളികളും, റോബിന്‍ ഇലക്കാട്ട് വീണ്ടും മിസൂറി സിറ്റി മേയര്‍

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: വിജയത്തിളക്കത്തില്‍ മലയാളികളും, റോബിന്‍ ഇലക്കാട്ട് വീണ്ടും മിസൂറി സിറ്റി മേയര്‍

 

ഹ്യൂസ്റ്റന്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് ജയം. മിസൂറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്, ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജ് കെ.പി.ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ രണ്ടാം തവണയും വിജയിച്ചു. ആറ് മലയാളികളാണ് ഫോര്‍ഡ് ബെന്‍ഡ് കൗണ്ടിയില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഡാന്‍ മാത്യുസ്, ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പിന്നിലായി.

മിസൂറി സിറ്റി മേയര്‍സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിന്‍ ജെ. ഇലക്കാട്ട് വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യോലാന്‍ഡ ഫോര്‍ഡിനെയാണ് റോബിന്‍ പരാജയപ്പെടുത്തിയത്. കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയാണ് റോബിന്‍. 40 വര്‍ഷമായി യു.എസിലാണ്.

കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കെ.പി. ജോര്‍ജ് 51.57 ശതമാനം വോട്ട് നേടി വിജയിച്ചു. കോര്‍ട്ട് അറ്റ് ലോ നമ്ബര്‍ ത്രീയില്‍ മത്സരിച്ച ജഡ്‌ജ്‌ ജൂലി എ. മാത്യു നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഇലനോയ് സംസ്ഥാനത്തിന്റെ 103മത് ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കെവിന്‍ ഓലിക്കല്‍ ജയിച്ചതും മലയാളികള്‍ക്ക് അഭിമാനമായി.

കെവിന് 16,080 വോട്ട് ലഭിച്ചപ്പോള്‍ എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിന്‍സ് റൊമാനോക്ക് 6,978 വോട്ടാണ് നേടാനായത്.