നേതാവിന്റെ പേര് പുറത്ത് പറയാൻ താത്പര്യമില്ല, നടത്തിയത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം; റിനി ആൻ ജോർജ്

താൻ ആരോപണം ഉന്നയിച്ച യുവ നേതാവിന്റെ പേര് പുറത്ത് പറയാൻ താത്പര്യമില്ലെന്ന് യുവനടി റിനി ആൻ ജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും അത് ഏതെങ്കിലും വ്യക്‌തിയെ അടിസ്‌ഥാനപ്പെടുത്തിയുള്ളതല്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഞാൻ ഇക്കാര്യവുമായി മുന്നോട്ടു വന്നപ്പോൾ പല പേരുകളും വിളിച്ച് എന്നെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്‌തിട്ടുള്ള കാര്യമല്ല എന്നു മനസ്സിലായപ്പോൾ പിന്നീടു പലരും പരാതികളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്‌തിപരമായോ പ്രസ്‌ഥാനത്തെ പേരെടുത്തു പറയാനോ ആ രീതിയിൽ പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു.
എൻ്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. തെറ്റായ പ്രവണതയോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതാണ് എന്റെ വിഷയം. അതു വ്യക്തിപരമല്ല. അതോടൊപ്പം ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായതിൽ ദുഃഖവുമുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു. ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് സ്‌ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വലിയ തോതിൽ പ്രതിഷേധമുയരുകയും രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജി വയ്ക്കുകയുമായിരുന്നു.