രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു. യുവനടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് രാജി.
രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു കൈമാറി. ധാർമികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ അവകാശപ്പെട്ടു.
യുവനടി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ഓഡിയോ പുറത്ത് വന്നതിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ പരാതിയുമായി വരട്ടെ. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതിയുമായി വരട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു